Thursday, January 9, 2025
Kerala

വിലക്കയറ്റത്തിനെതിരേ പ്രതിഷേധം തീരുമാനിക്കും; എല്‍ഡിഎഫ് നേതൃയോഗം ഇന്ന്

വിലക്കയറ്റത്തിനെതിരേ കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധസമരം തീരുമാനിക്കാന്‍ എല്‍ഡിഎഫ് നേതൃയോഗം ഇന്ന് ചേരും. അരി ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്തിയതും വായ്പാ പരിധി കുറച്ചതും ചൂണ്ടിക്കാട്ടിയാണ് പ്രക്ഷോഭം.

ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റം ഉയര്‍ത്തി സമരം ചെയ്താല്‍ വിവാദ വിഷയങ്ങളില്‍ നിന്ന് പുറത്തുകടക്കാമെന്നും നേതൃത്വം കരുതുന്നു. സ്വാതന്ത്ര്യ ദിനാഘോഷവും യോഗത്തില്‍ ചര്‍ച്ചയാകും. വൈകുന്നേരം മൂന്നരയ്ക്ക് എകെജി സെന്ററില്‍ ആണ് യോഗം.

അതേസമയം വിലക്കയറ്റത്തിനെതിരെ ലോക്‌സഭയില്‍ പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എംപിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി എന്നീ നാല് പേരെയാണ് സസ്‌പെന്റ് ചെയ്തത്. രാജ്യത്തെ സാധാരണക്കാരന്റെ നട്ടെല്ല് തകര്‍ത്തെറിയുന്ന, വീടുകള്‍ പട്ടിണിയാക്കുന്ന വിലക്കയറ്റത്തിനെതിരെ രാജ്യത്തിന്റെ ശബ്ദമായതിനാണ് അറസ്‌റ്റെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.

വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കുകയായിരുന്നു കോണ്‍ഗ്രസ് എംപിമാര്‍.

Leave a Reply

Your email address will not be published. Required fields are marked *