ശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; മുലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിയിലേക്ക്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‌ക്കൊപ്പം കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നതിനിടെ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 135.90 അടിയാണ് ജലനിരപ്പ്. ജലനിരപ്പ് 140 അടിയിലെത്തിയാൽ ആദ്യ മുന്നറിയിപ്പും 141 അടി ആയാൽ രണ്ടാംഘട്ട മുന്നറിയിപ്പും നൽകും. പരാമവധി ജലനിരപ്പ് 142 അടിയാണ്.
ഇടുക്കി ഡാമിലെ ജലനിരപ്പും ഉയരുകയാണ്. 2368.90 അടിയാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. സംഭരണശേഷിയുടെ 62.93 ശതമാനം ജലമാണ് നിലവിൽ ഇടുക്കിയിലുള്ളത്. വൃഷ്ടിപ്രദേശങ്ങളിൽ മഴ തുടരുന്നതും ശക്തമായ നീരൊഴുക്കുമാണ് ഡാമുകളിലെ ജലനിരപ്പ് ഉയർത്തുന്നത്.