തിരുവനന്തപുരം കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ പൊള്ളലേൽപ്പിച്ച സംഭവം; സഹപാഠി നടത്തിയത് അതിക്രൂരത
തിരുവനന്തപുരം കാർഷിക കോളേജിൽ വിദ്യാർത്ഥിനിയെ സഹപാഠി പൊള്ളലേൽപ്പിച്ച സംഭവത്തിൽ പൊലീസ് എഫ്ഐആർ റിപ്പോർട്ട് പുറത്ത്. ആന്ധ്രപ്രദേശ് സ്വദേശിയായ ദീപികയെ ക്രൂരമായാണ് സഹപാഠി ലോഹിത ആക്രമിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊള്ളലേറ്റ ദീപികയോട് മാതാവിനെ ഫോണിലൂടെ അസഭ്യം പറയാൻ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാതിരുന്നതിനെ തുടർന്ന്, മൊബൈൽ ഫോൺ മുറുക്കി പിടിച്ചു തലയ്‌ക്കിടിച്ചു. തുടർന്ന്, കസേരയിൽ ഇരുത്തി കൈകൾ ഷാൾ കൊണ്ടു കെട്ടി.
തക്കാളി കറി തിളയ്ക്കുകയായിരുന്ന ചൂടുള്ള സ്റ്റീൽ പാത്രം ചൂടാക്കി ദീപികയുടെ കൈത്തണ്ടയിൽ വെച്ച് പൊള്ളിക്കുകയായിരുന്നു. അതെ പാത്രം വീണ്ടും ചൂടാക്കുകയും ദീപികയുടെ ടി ഷർട്ടിന്റെ പുറകു വശം നീക്കി മുതുകിൽ പൊള്ളിച്ചു. തുടർന്ന്, പൊള്ളലേറ്റ മുറിവിൽ മുളക്പൊടി വിതറുകയും ആ ഭാഗത്ത് തുടർച്ചയായി ഇടിക്കുകയൂം ചെയ്തു. കാലിൽ വീണു അപേക്ഷിച്ചിട്ടും ആക്രമണം തുടർന്ന് എന്നാണ് റിപോർട്ടുകൾ.
ഇന്നലെയാണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. കോളേജ് അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് തിരുവല്ലം പൊലീസ് സ്ഥലത്തെത്തിയത്. ദീപികയും ലോഹിതയും സുഹൃത്തുക്കളും വർഷങ്ങളായി ഒരു മുറിയിൽ താമസിക്കുന്നവരുമായിരുന്നു. ആക്രമണത്തിന് തൊട്ടടുത്ത ദിവസം ഇരുവരും ആന്ധ്രപ്രദേശിലേക്കു മടങ്ങി പോയി. വീട്ടിലെത്തിയ ദീപികയെ ബന്ധുക്കൾ ആശുപത്രിയിലെത്തിക്കുകയും കോളേജിൽ വിവരമറിയിക്കുകയുമായിരുന്നു. കോളേജ് നാലംഗ സമിതിയെ ആഭ്യന്തര അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. തുടർന്നാണ് പൊള്ളൽ ഏൽപ്പിച്ച ലോഹിതയെ പോലീസ് കസ്റ്റഡിയിലെടുത്തത്.