മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം: ഹണി ട്രാപ്പെന്ന് ഉറപ്പില്ല, കൊലയ്ക്കുപിന്നില്‍ വ്യക്തിവൈരാഗ്യം; എസ്പി എസ്. സുജിത് ദാസ്
കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ പ്രതികരണവുമായി മലപ്പുറം എസ് പി എസ് സുജിത് ദാസ്. കൊലപാതകം നടന്നത് ഈ മാസം 18 നും 19 നും ഇടയിലാണെന്ന് അദ്ദേഹം പറഞ്ഞു. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് നിഗമനം. ചെന്നൈയിൽ പിടിയിലായ പ്രതികളെ ഉടൻ കേരളത്തിലെത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സിസിടിവി ക്യാമറ ദൃശ്യങ്ങളും മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുളള അന്വേഷണവും നിർണായകമായി. സാക്ഷി മൊഴികളും മൃതദേഹം കണ്ടെത്താൻ സഹായിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റമോർട്ടത്തിന് കോഴിക്കോട് കൊണ്ടുപോകും. കൊലപാതകത്തിന് പിടിയിലായ മൂന്ന് പേർക്കും പങ്കുണ്ട്. ഹണി ട്രാപ്പാണോയെന്ന് വ്യക്തമായ സൂചനകളിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
ഹോട്ടൽ ഉടമ സിദ്ദിഖിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കിയ സംഭവത്തിൽ മൂന്നു പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത് . സംഭവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന, ചിക്കു എന്ന ആഷിക്ക് എന്നിവരാണ് പിടിയിലായത്. ചെന്നൈയിൽവച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അട്ടപ്പാടി ചുരത്തില്‍ കണ്ടെത്തിയ രണ്ടു പെട്ടികളിൽ കൊല്ലപ്പെട്ട കോഴിക്കോട് ഹോട്ടൽ ഉടമ സിദ്ദിഖിന്‍റെ മൃതദേഹമാണെന്നാണ് സംശയം. ഒപന്‍പതാം വളവിലാണ് രണ്ടു ട്രോളി ബാഗുകള്‍ കണ്ടെത്തിയത്.
ദിവസങ്ങളായി ഫോണിൽ കിട്ടാത്തത്തോടെയാണ് പൊലീസിൽ പരാതി നൽകിയതെന്ന് സിദ്ദിഖിന്റെ സഹോദരൻ പറഞ്ഞു. ഷിബിലിയെ പിരിച്ചുവിട്ട ദിവസമാണ് സിദ്ദീഖിനെ കാണാതായതെന്നും അദ്ദേഹം പറഞ്ഞു. കൊല നടത്തിയ കോഴിക്കോട്ടെ ഹോട്ടലില്‍ പ്രതികള്‍ രണ്ടു റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഒന്നാംനിലയിലെ 3,4 നമ്പര്‍ റൂമുകളാണ് ബുക്ക് ചെയ്തത്.