Tuesday, April 15, 2025
Kerala

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി

സംസ്ഥാനത്തെ സ്‌കൂൾ കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് 2.8 കോടി പുസ്തകങ്ങൾ അച്ചടിച്ചത്. ഇവ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി പറഞ്ഞു.

കേരള ബുക്‌സ് ആന്റ് പബ്ലിക്കേഷൻസിലാണ് സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലേക്കും വേണ്ട പുസ്തകങ്ങൾ അച്ചടിക്കുന്നത്. മൂന്നു വാല്യങ്ങളിലായി 4.8 കോടി പാഠപുസ്തകങ്ങൾ അച്ചടിക്കാനാണ് കെബിപിഎസിന് ഇത്തവണ ഓർഡർ ലഭിച്ചത്. സാധാരണയിൽ നിന്നും രണ്ട് മാസം വൈകി കഴിഞ്ഞ ഡിസംബറിലാണ് പാഠപുസ്തകങ്ങളുടെ അച്ചടി ആരംഭിച്ചതെങ്കിലും ഒന്നാം വാല്യത്തിൽ ആവശ്യമായ 2 കോടി 80 ലക്ഷത്തിൽപരം പാഠപുസ്തകങ്ങളുടെ അച്ചടിയും പൂർത്തിയായി. മാനേജിങ് ഡയറക്ടറായിരുന്ന ഐജി പി.വിജയൻ സ്ഥാനമൊഴിയുംമുൻപ് ഒന്നാം വാല്യത്തിലെ 75% പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിരുന്നു. വിതരണത്തിനായി പാഠ പുസ്തകങ്ങൾ ജില്ലാ കേന്ദ്രങ്ങളിലേക്ക് അയച്ചു തുടങ്ങിയെന്ന് കെബിപിഎസ് എംഡി സുനിൽ ചാക്കോ പറഞ്ഞു.

പ്രിന്റിങ്, ബൈൻഡിങ്, വിതരണം തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ തൊഴിലാളികൾ അധികസമയം ജോലി ചെയ്താണു കുട്ടികൾക്കായുള്ള പാഠപുസ്തകങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ പുസ്തകങ്ങളുടെയും അച്ചടി പൂർത്തിയായിട്ടുണ്ട്. ആദ്യവോളിയം ടെക്സ്റ്റ് ബുക്കുകൾക്ക് അറുപതു കോടി രൂപയാണ് ചിലവായത്.

Leave a Reply

Your email address will not be published. Required fields are marked *