Sunday, January 5, 2025
Kerala

വോട്ടെണ്ണൽ ദിവസത്തിൽ വിജയാഘോഷം ഒഴിവാക്കും; വാരാന്ത്യ നിയന്ത്രണം തുടരും

 

സംസ്ഥാനത്ത് സമ്പൂർണ ലോക്് ഡൗൺ വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. രോഗവ്യാപനം കൂടിയ ഇടങ്ങളിൽ ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ മതിയെന്ന് യോഗം തീരുമാനിച്ചു. വാരാന്ത്യ നിയന്ത്രണം തുടരും. രാത്രി ഏഴരയ്ക്ക് തന്നെ കടകൾ അടയ്ക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തോട് ഭൂരിഭാഗം പേരും യോജിച്ചു

വോട്ടെണ്ണൽ ദിവസം ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന നിർദേശത്തോട് മിക്ക രാഷ്ട്രീയ പാർട്ടികളും യോജിച്ചു. വിവിധ പാർട്ടികൾ ഇക്കാര്യം അണികളോട് ആഹ്വാനം ചെയ്യും. രോഗവ്യാപനം കൂടിയ ജില്ലകൾ, താലൂക്കുകൾ, പഞ്ചായത്തുകൾ എന്നിവയിൽ കടുത്ത നിയന്ത്രണം വരും

ആരാധനാലയങ്ങളിൽ വലുപ്പം അനുസരിച്ച് നിയന്ത്രണങ്ങളോടെ ആളുകളെ പ്രവേശിപ്പിക്കാം. എല്ലാ ജില്ലാ കലക്ടർമാരും സാമുദായിക നേതാക്കൻമാരുടെ യോഗം വിളിക്കണം. സർവകക്ഷി യോഗത്തിലെ നിർദേശങ്ങൾ കലക്ടർമാർ മതനേതാക്കളെ അറിയിക്കും. ഇതിന് ശേഷം യുക്തമായ തീരുമാനം സ്വീകരിക്കാമെന്നും യോഗത്തിൽ ധാരണയായി

പ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി നിൽക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് വാക്‌സിൻ സൗജന്യമായി നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *