Monday, January 6, 2025
Kerala

മലയാള സർവകലാശാല വി.സി നിയമനം; സെർച്ച് കമ്മിറ്റിയിലേക്ക് വീണ്ടും പ്രതിനിധിയെ ആവശ്യപ്പെട്ടതിനെതിരെ ഗവർണർ

മലയാള സർവകലാശാല വി സി നിയമനത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെർച്ച് കമ്മിറ്റിയിലേക്ക് വീണ്ടും പ്രതിനിധിയെ ആവശ്യപ്പെട്ടതാണ് വിമർശനത്തിന് കാരണം. എന്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് സർക്കാർ കത്ത് അയച്ചതെന്നാണ് ഗവർണർ ചോദിക്കുന്നത്.

ഗവർണർ ആവശ്യപ്പെട്ടപ്പോൾ പ്രതിനിധിയെ സർക്കാർ നൽകിയില്ല. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ കത്തിലാണ് സർക്കാരിന് എതിരെ രൂക്ഷമായ വിമർശനമുള്ളത്. നേരത്തെ ഗവർണർ സർക്കാരിന്റെ പ്രതിനിധിയെ ചോദിച്ചിട്ടും നൽകിയിരുന്നില്ല. ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ പിടിവാശി തുടരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. സിപിഐഎം ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി വയനാട്ടിൽ മാധ്യമങ്ങളെ കാണവേയായിരുന്നു എം വി ഗോവിന്ദന്റെ വിമർശനം.

സർവകലാശാല – ലോകായുക്ത നിയമ ഭേദഗതി ബില്ലുകളിലാണ് ഗവർണർ ഇപ്പോഴും ഉടക്കിട്ടു നിൽക്കുന്നത്. മന്ത്രിമാർ രാജ്ഭവനിൽ നേരിട്ടെത്തി വിശദീകരണം നൽകിയെങ്കിലും, ബില്ലുകളിൽ കൂടുതൽ പരിശോധനയും പഠനവും വേണമെന്ന നിലപാടിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഞ്ചു മന്ത്രിമാർ നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചെങ്കിലും ഇനിയും വ്യക്തത വേണമെന്ന ഗവർണറുടെ നിലപാട്, വെല്ലുവിളിയായിട്ടാണ് സർക്കാർ കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *