മയിലുകളെ കൊണ്ട് കേരളം പൊറുതിമുട്ടും; വരാനിരിക്കുന്നത് വൻ വിപത്തെന്ന് പഠനം
ജഗദീഷ് വില്ലോടി സൗന്ദര്യ പ്രേമികളുടെ സര്‍ഗാത്മകമായ കാവ്യഭാവനയില്‍ പീലി വിടര്‍ത്തിയാടുന്ന പഞ്ചപക്ഷികളില്‍ ഒന്നായ മയൂരത്തെയാണോ ‘ഭീകരജീവി’ എന്നു വിളിച്ചത്?. മയില്‍ ശല്യം കൊണ്ട് പൊറുതിമുട്ടിയ ന്യൂസിലന്‍ഡുകാര്‍ അവയെ നശിപ്പിക്കാനുള്ള ത്രീവശ്രമത്തിലാണ്. പതിനായിരക്കണക്കിന് മയിലുകളെയാണ് ന്യൂസിലാന്‍ഡ് കൊന്നൊടുക്കിയിട്ടുള്ളത്.കൃഷിക്ക് വന്‍ നാശം വരുത്തുന്ന ഈ വിപത്ത് ‘മയിലുകളുടെ പ്ലേഗ്’ എന്നാണ് അറിയപ്പെടുന്നത്. കൂടാതെ സാധാരണക്കാര്‍ക്ക് വിനോദത്തിനുവേണ്ടിയും ടൂറിസത്തിനു വേണ്ടിയും മയിലുകളെ വേട്ടയാടാനുള്ള അനുമതിയും ന്യൂസിലാന്‍ഡ് കൊടുത്തിട്ടുണ്ട്.
ന്യൂസിലന്‍ഡ് ഇതിനുമുന്‍പും വന്യമ്യഗശല്യത്താല്‍ വലഞ്ഞിട്ടുണ്ട്. 1897-ല്‍ ബ്രിട്ടീഷുകാര്‍ വേട്ടയാടല്‍ വിനോദത്തിനായി കൊണ്ടുവന്ന മാനുകളെ ന്യൂസിലന്‍ഡിലെ റാകിയ നദിക്കരയില്‍ വിടുകയും അവിടെ നിന്ന് മാനുകള്‍ വെസ്റ്റ്ലാന്‍ഡിലേക്ക് വരെ വ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രകൃതിയുടെ സന്തുലിതാവസ്ഥ തെറ്റിയതോടെ 1932നും 1945നും ഇടയില്‍ 30 ലക്ഷം മാനുകളെയാണ് ന്യൂസിലന്‍ഡ് കൊന്നൊടുക്കിയത്. മാനുകളെ വെടിവച്ചു കൊല്ലാന്‍ ഹെലികോപ്റ്ററുകള്‍ വരെ ഉപയോഗിച്ചിരുന്നു. ഓസ്ട്രേലിയില്‍ തോമസ് ഓസ്റ്റില്‍ എന്ന കര്‍ഷകന്‍ കൊണ്ടുവന്ന 24 കാട്ടു മുയലുകള്‍ 60 വര്‍ഷംകൊണ്ട് 1000 കോടി കടന്നതോടെ മെക്സോമ എന്ന വൈറസ് ഉപയോഗിച്ചാണ് അവയെ ഉന്മൂലനം ചെയ്തത്.
ഓസ്ട്രേലിയയുടെ ദേശീയ മൃഗമായ കങ്കാരുവിനെ ഗവണ്‍മെന്‍റ് തന്നെ നേരിട്ട് കൊന്നൊടുക്കുകയാണ് പതിവ്. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 9 കോടി കങ്കാരുക്കളെ ഓസ്ട്രേലിയ ഇല്ലായ്മ ചെയ്തിട്ടുണ്ട് എന്നാണ് കണക്കുകള്‍. പരിസ്ഥിതി സംരക്ഷിക്കാന്‍ വേണ്ടി ഓസ്ട്രേലിയ പതിനായിരക്കണക്കിന് ഒട്ടകങ്ങളെ വെടിവെച്ചുകൊന്നത് കഴിഞ്ഞവര്‍ഷമാണ്. യു.എ.ഇ. യിലെ പരിസ്ഥിതി ഏജന്‍സിയുടെ ബയോ സെക്യൂരിറ്റി യൂണിറ്റിന്റെ കണക്കുകളനുസരിച്ച് ഒരു ലക്ഷം മാടപ്രാവുകളെയും, 5000 മൈനകളെയും, 3500 തത്തകളെയും, 1200 കാക്കകളെയും കൊന്നൊടുക്കിയത് രാജ്യത്തിന്റെ ജൈവവ്യവസ്ഥ സംരക്ഷിക്കാന്‍ വേണ്ടിയായിരുന്നു.
ആകാശത്തിലെ ചൊറിത്തവളകള്‍ (Cane toads of the sky) എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ മൈന, ലോകത്തെ ഏറ്റവും ആക്രമണകാരികളായ 100 ഇനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. ഏവിയന്‍ മലേറിയ (Plasmodium & Haemoproteus spp.) പടര്‍ത്തുകയും, പഴം, പച്ചക്കറി, ധാന്യ വിളകള്‍ എന്നിവ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ഇവയെ അക്രമണകാരിയായി കണക്കാക്കുന്നത്. ഓസ്ട്രേലിയയിലെ ബുണ്ടാബെര്‍ഗ് റീജിയണല്‍ കൗണ്‍സില്‍ ഒരു മൈനയുടെ തലയ്ക്ക് 2 ഡോളര്‍ പ്രതിഫലം നല്‍കുന്നുണ്ട്.
മയില്‍ നമ്മുടെ ദേശീയ പക്ഷി എന്നതിലുപരി, കേരളത്തില്‍ മയില്‍ ഒരു അധിനിവേശ ജീവിയാണ്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വകുപ്പു മേധാവിയായ E.A ജയ്സണും, ക്രൈസ്റ്റ് കോളേജിലെ അസിസ്റ്റന്‍ഡ് പ്രൊഫസര്‍ സുരേഷ് കെ ഗോവിന്ദും ചേര്‍ന്ന് 2018-ല്‍ നടത്തിയ പഠനത്തില്‍ മയിലുകള്‍ക്ക് നെല്‍കൃഷി പോലുള്ള വിളകളില്‍ 46% വരെ വിളനാശം ഉണ്ടാക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ 30 വര്‍ഷം മുമ്ബ് മയില്‍ ഒരു അപൂര്‍വ്വജീവി ആയിരുന്നെങ്കില്‍ ഇന്ന് മയിലുകള്‍ ഇല്ലാത്ത ജില്ലകളില്ല. മയിലിന് സംരക്ഷണകേന്ദ്രം വരെയുണ്ട് കേരളത്തില്‍. പാലക്കാട് ജില്ലയിലെ ആലത്തൂരിലെ തരൂരിലാണ് മയിലുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ച ചൂലന്നൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം ഉള്ളത്. 1933-ല്‍ ഇന്ത്യയുടെ ‘പക്ഷി മനുഷ്യ’നായ സലിം അലി തിരുവിതാംകൂര്‍-കൊച്ചി പ്രവിശ്യകളില്‍ നടത്തിയ സര്‍വ്വേയില്‍ ഒരു മയിലിനെ പോലും കണ്ടെത്തിയതായി വിവരമില്ല. 2020-ലെ Birdlife മാഗസിന്‍ ഇന്ത്യന്‍ പീക്കോക്കിന്റെ അമിത വ്യാപനത്തില്‍ ആശങ്ക രേഖപെടുത്തുന്നുണ്ട്.
ദക്ഷിണേന്ത്യയില് കാണപ്പെടുന്ന ഇന്ത്യന് മയിലാണ് നീല മയില് അഥവാ Pavo Cristatus എന്നറിയപ്പെടുന്നത്. നമ്മുടെ ദേശീയ പക്ഷിയെന്ന നിലയില്‍, മയിലിന് പ്രത്യേക നിയമ പരിരക്ഷയുണ്ട് .1972 ലെ ഷെഡ്യൂള്‍ ഓഫ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ സെക്ഷന്‍ 51 പ്രകാരം മയിലിനെ കൊല്ലുന്നതിന്, മൂന്ന് വര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 20,000 രൂപയില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ. വന്യജീവി സംരക്ഷണ നിയമം ചാപ്റ്റര്‍ VA വകുപ്പ് 49 A (B) പ്രകാരം മയില്‍ വേട്ട നടത്താതെയുളള മയില്‍പീലികളുടെ ശേഖരണവും വിതരണവും കുറ്റകരമല്ല എന്നു കൂടെയുണ്ട്.
തമിഴ്നാട്ടിലെ കാരക്കലിലെ 12,000 ഹെക്ടറില്‍ കൃഷിചെയ്തിരുന്ന നെല്‍ക്കര്‍ഷകര്‍, കൃഷി 6000 ഹെക്ടറായി ചുരുക്കിയതിന്റെ പ്രധാനകാരണങ്ങളിലൊന്ന് മയില്‍ ശല്യമാണ്. മയിലുകള്‍ വിളയാറായ നെന്മനികള്‍ തിന്ന് നശിപ്പിക്കുക മാത്രമല്ല ചെയ്യുക. നെല്ലില്ലാത്ത സമയത്തുപോലും, മണ്ണിര, മിത്രകീടങ്ങള്‍, ഓന്ത്, തവള, പാമ്ബുകള്‍, എന്നിങ്ങനെ കര്‍ഷകരുടെ മിത്രങ്ങളായ സകലതിനെയും മുച്ചൂടും മുടിക്കും. ഇത് നാടിന്‍റെ ജൈവവ്യവസ്ഥ തന്നെ താറുമാറാക്കും. മയിലുകള്‍ കൂട്ടത്തോടെ പാടത്തേയ്ക്കിറങ്ങി, ചവിട്ടിയും മെതിച്ചും നെല്‍ച്ചെടികല്‍ നശിപ്പിക്കുന്നതുവഴി നെല്‍പ്പാടം തന്നെ തരിശാക്കി മാറ്റും. പാടത്ത് ഉപയോഗിച്ചിരിക്കുന്ന കളനാശിനികളോ കീടനാശിനികളോ മൂലം മയിലുകള്‍ക്ക് ജീവഹാനിയുണ്ടായാലുള്ള നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ഭയം കൂടിയായായപ്പോള്‍ കാരയ്ക്കലിലെ നെല്‍ക്കൃഷി പകുതിയായി ചുരുങ്ങി.
ബ്രിട്ടീഷുകാരുടെ കാലത്ത് രൂപപെടുത്തിയ, 1972-ല്‍ പുതുക്കിയ വനം-വന്യജീവി നിയമങ്ങള്‍ പൊളിച്ചു പണിയാതെ നമ്മുടെ പരിസ്ഥിതിയെയും കര്‍ഷകരെയും രക്ഷിക്കാന്‍ കഴിയില്ല എന്നതാണ് വാസ്തവം.
Cornell Lab of Ornithology യുടെ Species mapല്‍ കാണുന്ന പര്‍പ്പിള്‍ ചതുരങ്ങള്‍ (ഒരു ചതുരശ്ര കിലോമീറ്റര്‍ വീതമുള്ള ചതുര പ്ലോട്ടുകള്‍) ആശങ്ക ഉളവാക്കുന്നതാണ്. മയില്‍ കേരളത്തില്‍ ഒരു പാരിസ്ഥിതിക ദുരന്തമായി മാറാന്‍ അധിക സമയം വേണ്ട എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്ത്. ലോകത്തെ ഏറ്റവും വലിയ പ്രകൃതിസംരക്ഷണ സംഘടനയായ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്‍ഡ് നാച്ചുറല്‍ റിസോഴ്സ് (IUCN) പോലും ഒട്ടും ആശങ്കാജനകമല്ലാത്ത (LC – Least Concern) വിഭാഗത്താലാണ് മയിലുകളെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇനി യഥാര്‍ത്ഥ പ്രശ്നത്തിലേക്ക് വരാം. ന്യൂസിലന്‍ഡിന്റെ പോപ്പുലേഷന്‍ ഡെന്‍സിറ്റി ചതുരശ്രകിലോമീറ്ററിന് 18 പേരും, ഓസ്ട്രേലിയുടേത് വെറും നാലു പേരുമാണ്. ഇന്ത്യയുടെ പോപ്പുലേഷന്‍ ഡെന്‍സിറ്റി ചതുരശ്ര കിലോമീറ്ററിന് 382 പേര്‍ ആണ്. പക്ഷേ കേരളത്തിലെ പോപ്പുലേഷന്‍ ഡെന്‍സിറ്റി ചതുരശ്ര കിലോമീറ്ററിന് 859 പേര്‍ ആണ്. കൂടാതെ കേരളത്തില്‍ 54.42% ഫോറസ്റ്റ് കവര്‍ കൂടെയാണ് എന്നോര്‍ക്കണം. വയനാട് പോലുള്ള ജില്ലകളില്‍ അത് 74 ശതമാനത്തില്‍ കൂടുതലാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ കൂടെ വേണം വനം-വന്യജീവി നിയമങ്ങള്‍ പൊളിച്ചെഴുതാന്‍.
2050 ആകുമ്ബോഴേക്കും ഭൂമി ഇന്നത്തെ 7.5 ബില്ല്യണില്‍ നിന്ന് 10 ബില്യണ്‍ ജനങ്ങളുടെ വാസസ്ഥലമായിരിക്കും, കാര്‍ഷിക വിളവില്‍ വന്‍ വര്‍ദ്ധനവ് കൈവരിക്കാനായില്ലെങ്കില്‍, ഒരു ബില്യണ്‍ അല്ലെങ്കില്‍ കൂടുതല്‍ ആളുകള്‍ക്ക് പട്ടിണി നേരിടേണ്ടിവരും. 21-ാം നൂറ്റാണ്ടിലെ ഏറ്റവും അടിയന്തിര പ്രശ്നമായിരിക്കാം വിശപ്പ്. ആഗോള വിശപ്പു സൂചികയില്‍ 120 രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ 94-ാം സ്ഥാനത്താണ് നില്‍ക്കുന്നത്. 113 രാജ്യങ്ങളുടെ ഫുഡ് സെക്യൂരിറ്റി ഇന്‍ഡക്സില്‍ ഇന്ത്യയുടെ സ്ഥാനം 73 ആണ്. ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ട് ഭക്ഷ്യസുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രത്യേക നടപടികള്‍ അനിവാര്യമാണ്. 46% വരെ വിളനാശം ഉണ്ടാക്കുന്ന മയില്‍ ഒരു ഭീകര ജീവിയായി മാറാന്‍ അധിക സമയം വേണ്ട എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
കൂടാതെ യു.എ.ഇ. പോലുള്ള രാജ്യങ്ങള്‍ നടപ്പാക്കിയ ബയോ സെക്യൂരിറ്റി യുണിറ്റ് മാതൃകയില്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് നമ്മുടെ ജൈവവൈവിദ്ധ്യം സംരക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാവണം