പാലാരിവട്ടം മേൽപ്പാലം നിർമാണം പൂർത്തിയാകുന്നു; ഉദ്ഘാടനം അടുത്താഴ്ചയോടെ
പുതുക്കിപ്പണിയുന്ന പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണം ഇന്നത്തോടെ പൂർത്തിയാകുമെന്ന് സൂചന. നാളെ മുതൽ ഭാരപരിശോധന ആരംഭിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം കണക്കിലെടുത്ത് അടുത്താഴ്ച തന്നെ പാലം ഉദ്ഘാടനം ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം.
മാർച്ച് പത്തിന് പാലം കൈമാറുമെന്നാണ് ഡിഎംആർസി നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ ഇതിനും അഞ്ച് ദിവസം മുമ്പ് തന്നെ പാലം കൈമാറാനാണ് തീരുമാനം. കോൺക്രീറ്റിന് മുകളിൽ എപിപി ഷീറ്റുകൾ ഒട്ടിച്ച് ടാറിംഗ് ഉൾപ്പെടെയുള്ള ജോലികൾ ഇന്ന് രാത്രി പൂർത്തിയാക്കും.
പെയിന്റിംഗ് പോലുള്ള അവസാന മിനുക്ക് പണികൾ ഉടൻ കഴിയും. 39 മീറ്റർ നീളമുള്ള രണ്ട് സ്പാനുകളും 22 മീറ്റർ നീളമുള്ള 17 സ്പാനുകളുമാണ് പാലത്തിനുള്ളത്. 2020 സെപ്റ്റംബർ 28നാണ് പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചത്.