Sunday, April 13, 2025
Kerala

വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത കേസ്, കൗൺസിലറെ സസ്‍പെന്‍റ് ചെയ്ത് സിപിഎം

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയെ കബളിപ്പിച്ച് ഭൂമിയും പണവും തട്ടിയെടുത്ത നഗരസഭാ കൗൺസിലറെ സസ്‍പെന്‍റ് ചെയ്ത് സിപിഎം. സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നാണ് തവരവിള വാർഡ് കൗണ്‍സിലര്‍ സുജിനെ പാര്‍ട്ടി സസ്പെൻഡ് ചെയ്തത്. നഗരസഭാ കൗൺസിലർ സുജിനെതിരെയുള്ള സംഘടനാ നടപടി പാർട്ടി ഏരിയാ കമ്മിറ്റി വാർത്താക്കുറിപ്പിലൂടെയാണ് അറിയിച്ചത്. സിപിഎം കൗൺസിലർ വൃദ്ധയെ കബളിപ്പിച്ച വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ആണ് പുറത്തുകൊണ്ടുവന്നത്. വൃദ്ധയുടെ പന്ത്രണ്ടര സെന്‍റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും സുജിനും ഭാര്യയും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. വൃദ്ധയെ സംരക്ഷിക്കാമെന്ന് വിശ്വസിപ്പിച്ച് കുടുംബത്തോടൊപ്പം വീട്ടില്‍ താമസിച്ചാണ് തട്ടിപ്പ് നടത്തിയത്.

ബേബി എന്ന 78 കാരി തനിച്ച് താമസിക്കുന്നു എന്ന് മനസ്സിലാക്കിയ സുജിന്‍ 2021 ഫെബ്രുവരിയില്‍ ഭാര്യയും കുട്ടിക്കും ഭാര്യയുടെ അച്ഛനും അമ്മയ്ക്കുമൊപ്പം ഈ വീട്ടില്‍ താമസം തുടങ്ങി. അലമാരയില്‍ സൂക്ഷിച്ച മാലയും വളയും കമ്മലുമെല്ലാം സുജിന്‍റെ ഭാര്യ ഗീതു ഉപയോഗിച്ച് തുടങ്ങി. പിന്നീടതില്‍ പലതും പണയം വെച്ചു. കുറച്ചെടുത്ത് വിറ്റു. ബേബിയെ തന്ത്രപരമായി നെയ്യാറ്റിന്‍കര സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിച്ച് പന്ത്രണ്ടര സെന്‍റ് ഭൂമി ഭാര്യ ഗീതുവിന്‍റെ പേരിലേക്ക് സുജിന്‍ എഴുതിമാറ്റിയെന്നും പരാതിയുണ്ട്. പല തവണയായി താമസിക്കുന്നതിനിടെ രണ്ടുലക്ഷം രൂപയും കൈക്കലാക്കി. പലതവണ സ്വര്‍ണവും ഭൂമിയും പണവും ആവശ്യപ്പെട്ടെങ്കിലും തിരിച്ചുനല്‍കിയില്ല.

Leave a Reply

Your email address will not be published. Required fields are marked *