Thursday, January 23, 2025
Kerala

തൃക്കാക്കര നഗരസഭ കെട്ടിടത്തിലെ ചോർച്ച; വിജിലൻസിനെതിരെ ആരോപണവുമായി നഗരസഭ ചെയർപേഴ്‌സൺ

തൃക്കാക്കര നഗരസഭ കെട്ടിടത്തിൽ ചോർച്ച ഉണ്ടായതിൽ വിജിലൻസിനെതിരെ ആരോപണവുമായി നഗരസഭ ചെയർപേഴ്‌സൺ. പരാതി നൽകിയിട്ടും വിജിലൻസ് നടപടി എടുത്തില്ലെന്ന് ആരോപണം. കെട്ടിട നിർമ്മാണത്തിൽ അഴിമതി ഉണ്ടെന്നും വീഴ്ച വരുത്തിയവർക്ക് എതിരെ നടപടി വേണമെന്നും നഗരസഭ ചെയർ പേഴ്‌സൺ അജിത തങ്കപ്പന്റെ പ്രതികരണം. നാലരക്കോടി രൂപ മുടക്കി നിർമ്മിച്ച കെട്ടിടം കഴിഞ്ഞ ദിവസത്തെ മഴയിൽ ചോർന്ന് ഒലിക്കുകയായിരുന്നു.

എൽഡിഎഫ് ഭരണസമിതിയുടെ കാലത്താണ് നഗരസഭ കെട്ടിടത്തിന്റെ നവീകരണം നടന്നത്. നാലരക്കോടി മുതൽ മുടക്കിയായിരുന്നു നിർമ്മാണം. കഴിഞ്ഞദിവസം കൊച്ചിയിൽ മഴ കനത്തതോടെ കെട്ടിടം ചോർന്നൊലിച്ചു. നവീകരണം നടന്ന് മൂന്നുവർഷം പിന്നിടുമ്പോഴാണ് ഈ ദുരവസ്ഥ. നിർമ്മാണത്തിന് പിന്നിലെ അഴിമതി അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് 2021ൽ തന്നെ നഗരസഭ വിജിലൻസിന് പരാതി നൽകിയിരുന്നു. എന്നാൽ വിജിലൻസ് ചില ഫയലുകൾ ശേഖരിച്ച് പോയതല്ലാതെ തുടർ നടപടികൾ ഉണ്ടായില്ലെന്ന് നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ പറയുന്നു.

കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണം ഉണ്ട്. കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞ് മാസങ്ങൾക്ക് അകം തന്നെ അപാകതകൾ കണ്ടു തുടങ്ങി , കെട്ടിടത്തിന്റെ സീലിംഗിലും വിള്ളൽ വീണു. ഓഫീസ് കെട്ടിടത്തിന് മുന്നിലെ ഗ്ലാസുകളിലും പൊട്ടൽ വീണിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *