ലോകായുക്തയിൽ സർക്കാർ നിയമോപദേശം തേടിയത് ജലീലിന്റെ രാജിക്ക് പിന്നാലെ
ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൊണ്ടുവരാനായി സർക്കാർ നിയമോപദേശം തേടിയത് മുൻ മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത വിധിക്ക് പിന്നാലെയെന്ന് റിപ്പോർട്ട്. ജലീൽ രാജിവെച്ചതിന് പിന്നാലെ അന്നത്തെ എജി ആയിരുന്ന സുധാകര പ്രസാദാണ് നിയമോപദേശം തേടിയത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ലോകായുക്ത ആക്ട് സംബന്ധിച്ച കാര്യങ്ങൾ വിശദമായി പരിശോധിക്കുന്നത് അപ്പോഴാണ്
ആക്ടിലെ സെക്ഷൻ 14 ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു നിയമോപദേശം. കേരള ലോകായുക്ത സെക്ഷൻ 14 പ്രകാരം ഉത്തരവിറക്കിയാൽ ഒരാൾക്ക് മന്ത്രിസ്ഥാനത്ത് തുടരാനാകില്ല. അത് ആർട്ടിക്കിൾ 164ന് മുകളിൽ ലോകായുക്തക്ക് അധികാരം നൽകുന്നുവെന്നാണ് നിയമോപദേശത്തിൽ പറയുന്നത്.
ആർട്ടിക്കിൾ 164 പ്രകാരമാണ് മുഖ്യമന്ത്രി അടക്കമുള്ള സംവിധാനം ഉണ്ടാകുന്നത്. ഇത് ഭരണഘടനാപരമായ അവകാശമാണ്. ഗവർണറുടെ വിശ്വാസമുള്ളിടത്തോളം കാലം ഒരു മന്ത്രിസഭക്ക് തുടരാൻ സാധിക്കും. മന്ത്രിക്ക് മുഖ്യമന്ത്രിക്ക് വിശ്വാസമുള്ളിടത്തോളം കാലം തുടരാം. എന്നാൽ ലോകായുക്ത ആക്ട് സെക്ഷൻ 14 പ്രകാരം ഉത്തരവിറക്കിയാൽ മന്ത്രിക്ക് തൽസ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടി വരും. അതിനാൽ ഇത് ആർട്ടിക്കിൾ 164ന് മുകളിലുള്ള അധികാരമായി മാറും.
തമിഴ്‌നാട്, കർണാടക, തെലങ്കാന, ബീഹാർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ലോകായുക്ത ആക്ടുകളിൽ കേരളത്തിലെ സെക്ഷൻ 14 പോലുള്ള അധികാരമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നിയമോപദേശം നൽകിയത്.