സംസ്ഥാനത്ത് സിബിഐക്ക് വിലക്കേര്‍പ്പെടുത്താനുള്ള നിയമോപദേശം തേടി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് സിബിഐക്ക് വിലക്കേര്‍പ്പെടുത്താനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. അഡ്വക്കേറ്റ് ജനറലില്‍ നിന്ന് നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി. നടപടിക്ക് വഴിയൊരുക്കി സിപിഐഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ സിബിഐയെ വിലക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി.
പൂജ അവധിയായതിനാല്‍ തിങ്കളാഴ്ച മാത്രമേ ഫയല്‍ നീക്കം ഉണ്ടാകൂ. മുന്നണിയിലെ രണ്ടു പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും പരസ്യ നിലപാടെടുത്തതിനാല്‍ വേഗത്തില്‍ കര്യങ്ങള്‍ നീക്കാനാണ് സര്‍ക്കാരിന്റെ നിര്‍ദേശം. നിലവില്‍ സംസ്ഥാനത്ത് ഇഷ്ടപ്രകാരം കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്ക് കഴിയും. ഇതിനുള്ള മുന്‍കൂര്‍ അനുമതി പിന്‍വലിക്കാനാണ് തീരുമാനം. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ അനുമതി പിന്‍വലിക്കാന്‍ സര്‍ക്കാരിന് കഴിയും.
സിബിഐക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചാലും ഇപ്പോള്‍ നടക്കുന്ന വടക്കാഞ്ചേരി ലൈഫ് ഭവനസമുച്ചവുമായി ബന്ധപ്പെട്ട അന്വേഷണത്തിന് തടസമാകില്ല. നിലവില്‍ അന്വേഷണം നടത്തുന്ന മറ്റു കേസുകളും സിബിഐക്ക് തുടര്‍ന്നും അന്വേഷിക്കാം. വിദേശ സംഭാവന ചട്ട ലംഘനം പോലുള്ള കേസുകളും ഹൈക്കോടതിയും സുപ്രിംകോടതിയും നിര്‍ദേശിക്കുന്ന കേസുകളും സിബിഐയ്ക്ക് അന്വേഷിക്കാന്‍ തടസമില്ല.