Monday, January 6, 2025
Kerala

എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍,മാർഗ്ഗനിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: മാര്‍ച്ച് 17ന് എസ്എസ്എല്‍സി, പ്ലസ്ടു പൊതു പരീക്ഷകള്‍ആരംഭിക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കുമുള്ള മാർഗ്ഗനിര്‍ദ്ദേശങ്ങളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് ഇവർക്ക് വേണ്ടിയുള്ള പൊതുവായ മാർഗ്ഗ നിര്‍ദ്ദേശങ്ങളാണ് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പ്രഖ്യാപിച്ചത്.

കോവിഡ് സാഹചര്യത്തില്‍ വീഡിയോ മോഡിലൂടെ എല്ലാ പാഠഭാഗങ്ങളും കുട്ടികളില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവ 2021 ജനുവരി 31നുള്ളില്‍ പൂര്‍ത്തീകരിക്കണം.

ജനുവരി ഒന്ന് മുതല്‍ 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ അനുമതിയോടെ ഷിഫ്റ്റായി സ്‌കൂളുകളില്‍ എത്തിച്ചേരാവുന്നതാണ്. അതിനാവശ്യമായ ക്രമീകരണം ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ അതാത് സ്‌കൂളിന്റെ സാഹചര്യത്തിനനുസരിച്ച് തയ്യാറാക്കേണ്ടതാണ്.

ജനുവരി ഒന്ന് മുതല്‍ മാര്‍ച്ച് 16 വരെ കുട്ടികള്‍ക്ക് ക്ലാസ് റൂം പഠനത്തിന് അവസരമൊരുക്കണം. ഈ സമയത്ത് ലഭ്യമാകുന്ന ദിവസങ്ങള്‍ പരിഗണിച്ച് നേരിട്ടുള്ള ക്ലാസ്റൂം അനുഭവത്തിന് ഏതെല്ലാം പാഠഭാഗങ്ങളാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത് എന്ന് സ്‌കൂളുകളെ 2020 ഡിസംബര്‍ 31നകം അറിയിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളില്‍ ഇത് പ്രസിദ്ധീകരിക്കും. ഈ പാഠഭാഗങ്ങള്‍ അധ്യാപകര്‍ പൂര്‍ണമായും റിവിഷന്‍ നടത്തേണ്ടതാണ്.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച് ആവശ്യാനുസരണം ചോദ്യങ്ങള്‍ തിരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്നവിധം അധിക ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുന്നതാണ്. അഭിരുചിക്കനുസരിച്ച് ഉത്തരമെഴുതാന്‍ അധികമായി ഓപ്ഷന്‍ അനുവദിക്കുമ്പോള്‍ ചോദ്യങ്ങളുടെ എണ്ണം വര്‍ധിക്കും. ഇവ വായിച്ചു മനസിലാക്കാന്‍ കൂടുതല്‍ സമയം ആവശ്യമായിവരും. അതുകൊണ്ട് സമാശ്വാസ സമയം വര്‍ദ്ധിപ്പിക്കുന്നതായിരിക്കും.

ചോദ്യ മാതൃകകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടാന്‍ മാതൃകാ ചോദ്യങ്ങള്‍ തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ വെബ്‌സൈറ്റുകളിലൂടെ കുട്ടികള്‍ക്ക് ലഭ്യമാക്കും. മാതൃകാ പരീക്ഷ നടത്തും.

സ്‌കൂള്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പരീക്ഷയെ കുറിച്ചും കൃത്യമായ ധാരണ രക്ഷിതാക്കളില്‍ എത്തിക്കുന്നതിനു വേണ്ടി ക്ലാസടിസ്ഥാനത്തില്‍ രക്ഷാകര്‍ത്താക്കളുടെ യോഗം സ്‌കൂളുകള്‍ വിളിച്ചു ചേര്‍ക്കണം. ഈ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി നല്‍കുന്ന സന്ദേശം രക്ഷിതാക്കള്‍ക്ക് കേള്‍ക്കാന്‍ അവസരമൊരുക്കേണ്ടതാണ്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ ആവശ്യമുള്ളതുകൊണ്ട് ഇതു സംബന്ധമായ പ്രത്യേക മാര്‍?ഗ നിര്‍ദ്ദേശം നല്‍കുന്നതാണ്. വിഷയാടിസ്ഥാനത്തില്‍ അനുയോജ്യവും ലളിതവുമായ പഠന പ്രവര്‍ത്തനങ്ങള്‍ നല്‍കുകയും വിലയിരുത്തുകയും വേണം.

വീഡിയോ ക്ലാസുകളുമായി ബന്ധപ്പെട്ട പഠന പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തം, അതിന്റെ ഭാഗമായ പഠന തെളിവുകള്‍ (ക്ലാസുമായി ബന്ധപ്പെട്ട നോട്ടുകള്‍, ഉല്പന്നങ്ങള്‍, മറ്റു പ്രകടനങ്ങള്‍), യൂണിറ്റ് വിലയിരുത്തലുകള്‍ (രണ്ട് എണ്ണം) തുടങ്ങിയ സൂചകങ്ങളും നിരന്തര വിലയിരുത്തലിന്റെ ഭാഗമായ സ്‌കോറുകള്‍ നല്‍കുന്നതില്‍ പരിഗണിക്കുന്നതാണ്.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ എഴുത്തു പരീക്ഷക്കു ശേഷമാണ് നടത്തേണ്ടത്. ഇത് സംബന്ധിച്ച് വിവിധ വിഭാഗങ്ങള്‍ അവരവരുടെ തനത് പ്രത്യേകതകള്‍ക്കനുസരിച്ച് മാര്‍ഗ രേഖകള്‍ തയ്യാറാക്കുന്നതാണ്. എഴുത്തു പരീക്ഷക്കു ശേഷം പ്രായോഗിക പരീക്ഷയുടെ തയ്യാറെടുപ്പിനായി ചുരുങ്ങിയത് ഒരാഴ്ച സമയം കുട്ടികള്‍ക്ക് നല്‍കുന്നതാണ്.

എല്ലാ തലങ്ങളിലുമുള്ള യോഗങ്ങള്‍ വിളിച്ച് മോണിറ്ററിംഗും അക്കാദമിക് പിന്തുണാ സംവിധാനങ്ങളും ഉറപ്പുവരുത്തണം. തുടങ്ങിയവയാണ് പൊതുവിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എസ്.സി.ആര്‍.ടി ഡയറക്ടര്‍ എന്നിവര്‍ പങ്കെടുത്ത യോഗം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *