Wednesday, April 16, 2025
Kerala

മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് ഭീതി പരത്തുന്നു; നിയമപരമായി നേരിടും: മുഖ്യമന്ത്രി

 

മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സുസ്ഥിര നിർമ്മാണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വ്യാപക ഭീതിയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഡാമിന്‍റെ കാര്യത്തിൽ ഹ്രസ്വ-ദീർഘകാല പദ്ധതികൾ എന്തെന്ന് സർക്കാർ വിശദീകരിക്കണം. ലൈസൻസുള്ളതിന്‍റെ പത്തിരട്ടി ക്വാറികൾ കേരളത്തിൽ പ്രവർത്തിക്കുന്നു. പ്രകൃതി ചൂഷണം നിയന്ത്രിക്കാൻ ശക്തമായ നടപടി വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ദുരന്ത നിവാരണം സംവിധാനം വിപുലീകരിക്കാൻ സർക്കാർ ഒന്നും ചെയ്തില്ലെന്നും സതീശന്‍ കുറപ്പെടുത്തി. ദുരന്ത നിവാരണ അതോറിറ്റിയിൽ ഒരു എക്സ്പേർട്ടാണ് ഉള്ളത്. അദ്ദേഹത്തെ കാണാതായെന്നാണ് തിരുവഞ്ചൂർ പറഞ്ഞത്.

ദുരന്ത നിവാരണത്തിന്‍റെ അടിസ്ഥാനം തന്നെ വികേന്ദ്രീകൃതമായ പദ്ധതി വേണമെന്നതാണ്. ഐ.എം.ഡിയെ മാത്രം അടിസ്ഥാനമാക്കി മുന്നോട്ടു പോകരുത്. രക്ഷാപ്രവർത്തനത്തിന് പ്രൊട്ടോകോൾ ഇല്ലാത്ത സംസ്ഥാനം കേരളമാണ്. പ്രളയ മാപ്പിങ്ങ് നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് 24 മണിക്കൂറും പ്രവർത്തിക്കുന്ന മുന്നറിയിപ്പു കേന്ദ്രം വേണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *