മോന്‍സനുമായുള്ള ബന്ധം; ലോക്‌നാഥ് ബെഹ്‌റയുടെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ മൊഴി ക്രംബ്രാഞ്ച് രേഖപ്പെടുത്തി.ബെഹറക്ക് പുറമെ എഡിജിപി മനോജ് എബ്രഹാമിന്റേയും ഐ ജി ലക്ഷ്മണയുടേയും മൊഴികള്‍ ക്രൈം ബ്രാഞ്ച് എടുത്തിട്ടുണ്ട്. മോന്‍സന്റെ വീട്ടില്‍ ബീറ്റ് ബോക്‌സ് വെച്ചതിലും മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് ബെഹ്‌റയോട് അന്വേഷണ സംഘം വിശദീകരണം തേടിയത്.
ക്രൈംബ്രാഞ്ച് നാളെ ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മുന്‍ പോലീസ് മേധാവിയുടേതടക്കം മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മോന്‍സന്‍ മാവുങ്കലിന് പോലീസ് സംരക്ഷണം ലഭിച്ചത് സംബന്ധിച്ച് വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ലോക്‌നാഥ് ബെഹ്‌റയെ ചോദ്യം ചെയ്തത്. ലോക്‌നാഥ് ബെഹ്‌റ മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ മ്യൂസിയം സന്ദര്‍ശിച്ചതിന് ശേഷമാണ് വീടിന് മുമ്പില്‍ പോലീസിന്റെ പട്ടാ ബുക്ക് സ്ഥാപിക്കുന്നത്. പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശ പ്രകാരമാണ് മോന്‍സന്റെ കലൂരിലെ വാടക വീട്ടിലും ചേര്‍ത്തലയിലെ കുടുംബ വീട്ടിലും പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് എന്നതിന്റെ രേഖകള്‍ പുറത്തു വന്നിരുന്നു.