ശിവശങ്കർ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം; നിയമോപദേശം തേടി കസ്റ്റംസ്
സ്വർണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കസ്റ്റംസ് നിയമോപദേശം തേടി. ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാൻ നിലവിലെ മൊഴികൾ പര്യാപ്തമാണോ എന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്. എം ശിവശങ്കർ പ്രതിയാകുമോയെന്ന് ചൊവ്വാഴ്ച അറിയാം.
രണ്ട് ദിവസത്തെ തുടർച്ചയായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് ശിവശങ്കറിറിന് കസ്റ്റംസ് നോട്ടീസ് നൽകി. കസ്റ്റംസിന്റെ കണ്ടെത്തലുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ശിവശങ്കറിന് രണ്ട് ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ശിവശങ്കറെ പ്രതി ചേർക്കണമോ എന്ന കാര്യത്തിൽ കസ്റ്റംസ് തീരുമാനം എടുക്കുക. ചൊവ്വാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.
ശനിയാഴ്ചത്തെ ചോദ്യം ചെയ്യലിൽ രേഖപ്പെടുത്തിയ ശിവശങ്കറിന്റെയും സ്വപ്നയുടെയും മൊഴികൾ കേന്ദ്രീകരിച്ചും കസ്റ്റംസ് സുപ്രധാന പരിശോധന നടത്തും. ശിവശങ്കറെ അറസ്റ്റ് ചെയ്യാൻ മതിയായ തെളിവുകൾ കസ്റ്റംസിന്റെ പക്കലുണ്ടെങ്കിലും കാര്യങ്ങളിൽ ഒന്നുകൂടി വ്യക്തത വരുത്തുന്നതിനാണ് നിയമോപദേശം തേടിയതെന്നാണ് ലഭിക്കുന്ന സൂചന.