Saturday, April 19, 2025
Kerala

നിപയെ അതിജീവിച്ച് കോഴിക്കോട്; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും

കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും. പത്തു ദിവസമായി പുതിയ നിപ കേസുകൾ റിപ്പോർട്ട്‌ ചെയ്യാത്ത സാഹചര്യത്തിലാണ് കണ്ടെൻമെന്റ് സോൺ ഒഴികെയുള്ള സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത്.

വിദ്യാലയങ്ങൾ പ്രോട്ടോക്കോൾ പാലിക്കണമെന്ന കർശന നിർദേശം ഉണ്ട്. വിദ്യാലയങ്ങളിൽ എത്തുന്ന വിദ്യാർഥികളും അധ്യാപകരും മാസ്കും സാനിറ്റൈസറും നിർബന്ധമായും ഉപയോഗിക്കണം.

കണ്ടെയ്ൻമെന്റ് സോണുകളിലെ സ്കൂളുകളിൽ ഓൺലൈൻ പഠനമാകും നടക്കുക. പൊതു ഇടങ്ങളിലെ ആൾക്കൂട്ട നിയന്ത്രണം തുടരും. വിദ്യാലയങ്ങളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് വരെ അധ്യയനം ഓൺലൈനായി തുടരണം. എന്നാൽ ആൾക്കൂട്ട നിയന്ത്രണത്തിൽ ഇളവുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ഇക്കാര്യത്തിൽ നിലവിലെ സ്ഥിതി തുടരണമെന്ന് ജില്ലാ കലക്ടറുടെ ഓഫീസ് അറിയിച്ചു. കൂടുതൽ വിലയിരുത്തലുകൾക്ക് ശേഷമേ ആൾക്കൂട്ട നിയന്ത്രണം നീക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ. അവസാനം ലഭിച്ച അഞ്ച് സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. ഇതുവരെ 377 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

നിലവില്‍ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള ഒന്‍പത് വയസുകാരന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. കുട്ടിക്ക് ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *