Wednesday, April 16, 2025
Kerala

ശ്രീറാം വെങ്കിട്ടരാമന്റെ അവിഹിത ബന്ധത്തിന്റെ ദൃശ്യങ്ങള്‍ കെ.എം.ബഷീറിന്റെ കൈയിലുണ്ടായിരുന്നുവെന്ന് കുടുംബം ഹൈക്കോടതിയില്‍

മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. കെ.എം.ബഷീറിന്റെ സഹോദരന്‍ അബ്ദു റഹ്മാന്‍ ഹാജിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു. ബഷീറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്താത്തതില്‍ ദുരൂഹതയുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു .

കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഹര്‍ജിയിലുള്ളത്. പ്രോസിക്യൂഷന്‍ പ്രതി ശ്രീറാം വെങ്കിട്ടരാമനെ സഹായിക്കുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ അവിഹിത ബന്ധവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ അടക്കമുള്ള തെളിവുകള്‍ ബഷീറിന്റെ പക്കലുണ്ടായിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ബഷീറിന്റെ മരണത്തിലേക്ക് എത്തിച്ചതെന്ന് ഹര്‍ജിയില്‍ കുടുംബം ആരോപിച്ചു.

കൊലപ്പെടുത്തണമെന്ന ഉദ്യേശത്തോടെ ശ്രീറാം വെങ്കിട്ടരാമന്‍ വാഹനമിടിപ്പിച്ചു എന്നാണ് ഹര്‍ജിയിലെ ആരോപണം. യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുവരാന്‍ ഇപ്പോഴത്തെ അന്വേഷണം പര്യാപ്തമല്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *