പോക്‌സോ കേസിൽ പേര് പരാമർശിച്ചു; മാനനഷ്ട കേസ് നൽകി കെ സുധാകരൻ
പോക്‌സോ കേസിൽ പേര് പരാമർശിച്ച സംഭവത്തിൽ മാനനഷ്ട കേസ് ഫയൽ ചെയ്യാൻ കെ സുധാകരൻ. എം വി ഗോവിന്ദൻ, പി പി ദിവ്യ എന്നിവരും ദേശാഭിമാനി പത്രവും എതിർ കക്ഷികൾ. അഡ്വക്കേറ്റ് വി എസ് ചന്ദ്രശേഖരൻ മുഖേനെ എറണാകുളം സി ജി എം കോടതിയിലാണ് കേസ് നൽകുന്നത്. മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പോക്‌സോ കേസിലെ പരാര്‍ശത്തിനെതിരെയാണ് കേസ്.
പാര്‍ട്ടി പത്രത്തെ ഉദ്ധരിച്ചാണ് എം വി ഗോവിന്ദന്‍ കെ സുധാകരനെതിരെ പരാമര്‍ശം നടത്തിയത്.എന്നാൽ മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസില്‍ മാത്രമാണ് വിളിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ച് നൽകിയ വിശദീകരണം. സുധാകരനെതിരെ അതിജീവിതയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ളൊരു മൊഴിയില്ല. എല്ലാ ആരോപണങ്ങളിലും ചോദ്യം ചെയ്യലില്‍ വ്യക്തത വരുത്തുമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു.
എന്നാൽ എം വി ഗോവിന്റെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ രൂക്ഷമായ ഭാഷയിലാണ് കെ സുധാകരന്‍ പ്രതികരിച്ചത്. തലച്ചോറില്‍ അശ്ലീലം നിറച്ചൊരു ‘തനി’ ദേശാഭിമാനി ലേഖകനായി ഇത്ര പെട്ടെന്ന് താങ്കള്‍ അധഃപതിക്കുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ലെന്നാണ് കെ സുധാകരന്‍ ഫേസ്ബുക്കിൽ കുറിച്ചത്.
‘എന്താണ് ഗോവിന്ദന്‍? ഇതാണോ രാഷ്ട്രീയം? അല്പമെങ്കിലും സംസ്‌കാരത്തോടെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ നിങ്ങള്‍ക്കും സിപിഐഎമ്മിനും നാളിതുവരെയും കഴിയാതെ പോകുന്നത് എന്തുകൊണ്ടാണ്?’- കെ സുധാകരന്‍ കുറിച്ചു.പൊലീസും കേസുമൊക്കെ കാണിച്ചു വിരട്ടിയാല്‍ ഉടന്‍ തന്നെ കേന്ദ്രത്തിലെ യജമാനന്റെ കാലില്‍ വീഴുന്നൊരു പിണറായി വിജയനെ താങ്കള്‍ക്ക് പരിചയമുണ്ടാകും. ആ തുലാസ്സും കൊണ്ട് മറ്റുള്ളവരെ അളക്കാന്‍ വരരുത്, ഗോവിന്ദന്‍.’- കെ സുധാകരന്‍ പറഞ്ഞു.