Tuesday, January 7, 2025
Kerala

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്; അഡ്വ. സി. ഷുക്കൂറിൻ്റെ വാദങ്ങൾ പൊളിയുന്നു

ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ അഡ്വ. സി. ഷുക്കൂറിൻ്റെ വാദങ്ങൾ പൊളിയുന്നു. 2013ൽ കമ്പനി രജിസ്ട്രാറിന് മുന്നിൽ സമർപ്പിച്ച രേഖകളാണ് പുറത്തുവന്നത്. സംഭവത്തിൽ പ്രതികരിക്കാൻ അഡ്വ. ഷുക്കൂർ തയ്യാറായില്ല.

പരാതിക്കാരൻ വിദേശത്തുള്ളപ്പോഴാണ് രേഖ ചമച്ചത്. പാസ്പോർട്ട് വിവരങ്ങൾ പരിശോധിച്ച ശേഷമാണ് കോടതി കേസെടുക്കാൻ നിർദേശിച്ചത്. കേസിലെ പതിനൊന്നാം പ്രതിയെ ഡയറക്ടറാക്കാൻ വ്യാജരേഖ ചമച്ചുവെന്നാണ് പരാതി. പരാതിയിൽ അഡ്വ.സി ഷുക്കൂർ, കമ്പനി എം.ഡി പൂക്കോയ തങ്ങൾ ഉൾപ്പടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കളനാട് സ്വദേശി മുഹമ്മദ് കുഞ്ഞിയുടെ പരാതിയിലാണ് അഡ്വ.ഷുക്കൂർ ഉൾപ്പടെ നാല് പേർക്കെതിരെ മേൽപ്പറമ്പ് പൊലീസ് കേസെടുത്തത്. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അംഗമാക്കാൻ 2013 ൽ പ്രതികൾ ഗൂഡലോചന നടത്തിയെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ പരാതി. ഇതിനായി നോട്ടറി അഭിഭാഷകനായ അഡ്വ. ഷുക്കൂറിന്റെ സഹായത്തോടെ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചുവെന്നും ഹോസ്ദുർഗ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. ഡയറക്ടറായി ചേർക്കുന്ന സമയത്ത് വിദേശത്താണെന്ന് തെളിയിക്കുന്ന രേഖകളും മുഹമ്മദ് കുഞ്ഞി കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി പരാതിയിൽ കേസെടുക്കാൻ പൊലീസിന് നിർദേശം നൽകി. ഇതേ തുടർന്നാണ് ഫാഷൻ ഗോൾഡ് കമ്പനി എം.ഡി പൂക്കോയ തങ്ങൾ മകൻ ഇഷം, അഡ്വ സി ഷൂക്കൂർ, കമ്പനി സെക്രട്ടറി സന്ദീപ് സതീഷ് എന്നിവർക്കെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്തത്. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന, ഗൂഢാലോചന ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി അഡ്വ. സി. ഷുക്കൂർ രംഗത്തെത്തി. പരാതിക്കാരന്റെ അസാന്നിധ്യത്തിൽ ഒരു രേഖയും സാക്ഷ്യപ്പെടുത്തി നൽകിയിട്ടില്ലെന്നും, കേസിൽ നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കാനാണ് എന്നും ശ്രമിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി. പൊലീസിന്റെ അന്വേഷണം നടക്കട്ടെയെന്നും സി. ഷുക്കൂർ ഫേസ്ബുക്കിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *