Saturday, October 19, 2024
Kerala

സിഎസ്ഐ സഭാ ആസ്ഥാനത്ത് ഇഡി പരിശോധന, കള്ളപ്പണ കേസിൽ ബിഷപ്പിനെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ സിഎസ്ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്പിനെ ഇഡി ചോദ്യം ചെയ്യുന്നു. ബിഷപ്പ് ഹൗസിലും സഭാ സെക്രട്ടറിയുടെ വീട്ടിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറുടെ വീട്ടിലും രാവിലെ തുടങ്ങിയ പരിശോധന എൻഫോഴ്സ്മെന്റ് ഡടറക്ടറേറ്റ് വിഭാഗം തുടരുകയാണ്. സഭാ സെക്രട്ടറി പ്രവീൺ ഇഡി ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തും മുമ്പേ തിരുവനന്തപുരം വിട്ടു.

കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നതും അടക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്.  പുലർച്ചയോടെ നാല് സ്ഥലങ്ങളിൽ ഇഡി സംഘമെത്തി. ബിഷപ്പിന്റെ ആസ്ഥാനമായ പാളയത്തെ എൽഎംഎസിലും (LMS), കാരക്കോണം മെഡിക്കൽ കോളേജിലും കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലുമാണ് ഇഡി സംഘം പരിശോധനയ്ക്ക് എത്തിയത്.

ഇഡി സംഘമെത്തുമ്പോൾ ബിഷപ്പ് ധർമരാജ് റസാലം സഭാ ആസ്ഥാനത്തുണ്ടായിരുന്നു. സഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്കിടെയായിരുന്നു പരിശോധന. എന്നാൽ സഭാ സെക്രട്ടറി പ്രവീണും കുടുംബവും ഇന്നലെ രാത്രി തന്നെ തിരുവനന്തപുരം വിട്ടെന്നാണ് വിവരം. ഇയാൾ ചെന്നൈയിലേക്കോ, വിദേശത്തേക്കോ കടന്നിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്. 

സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ ബിഷപ്പ് ഇന്ന് യുകെയിലേക്ക് പോകാനായിരിക്കെയാണ് ഇഡിയുടെ അപ്രതീക്ഷിത നീക്കം. കേസിൽ ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ് നൽകിയിരുന്നെങ്കിലും ബിഷപ്പ് അടക്കമുള്ളവർ ഹാജരായിരുന്നില്ല. വ്യാജ വൗച്ചറിലൂടെ സഭാ സ്ഥാപനങ്ങളിൽ ബിഷപ്പും കൂട്ടരും  പണം തിരിമറി നടത്തിയെന്നും ആരോപണമുണ്ട്. നേരത്തെ ബിഷപ്പിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഇഡി അന്വേഷണം ആവശ്യപ്പെട്ട് സഭാംഗമായ  മോഹനൻ വി.ടി. ഹൈക്കോടതിയെ സമീപിച്ചു. ഇതിന് മറുപടിയായാണ്, തലവരിപ്പണം വാങ്ങി പറ്റിച്ചെന്ന പരാതിയിൽ വെള്ളറട പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ, അന്വേഷണം ഏറ്റെടുത്തതായി ഇഡി കോടതിയെ അറിയിച്ചത്.

അതേസമയം എല്ലാം കോടതിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്നും സത്യാവസ്ഥ പുറത്തുവരട്ടെ എന്നും സഭാ വക്താവ് പ്രതികരിച്ചു. സെക്രട്ടറി പ്രവീൺ എവിടെയാണുള്ളതെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സഭയെ തകർക്കാൻ ഒരു വിഭാഗം നടത്തുന്ന ശ്രമമാണ് ഈ അന്വേഷണത്തിന് പിന്നിലെന്നും ഫാദർ സി.ആർ.ഗോഡ്‍വിൻ ആരോപിച്ചു.
 

Leave a Reply

Your email address will not be published.