Sunday, April 13, 2025
Kerala

ഹരികൃഷ്ണയെ കൊലപ്പെടുത്തിയതാണെന്ന് സഹോദരി ഭർത്താവ്; കൊല പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ

ആലപ്പുഴ കടക്കരപ്പള്ളിയിൽ യുവതിയെ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. നഴ്‌സായിരുന്ന ഹരികൃഷ്ണയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയത് താനാണെന്ന് പിടിയിലായ സഹോദരി ഭർത്താവ് രതീഷ് പോലീസിനോട് സമ്മതിച്ചു. പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായത്.

തർക്കത്തിനൊടുവിൽ രതീഷ് ഹരികൃഷ്ണയെ മർദിക്കുകയും ബോധരഹിതയായ യുവതിയെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഹരികൃഷ്ണയുമായി അടുപ്പത്തിലായിരുന്നുവെന്ന് രതീഷ് പറയുന്നു. എന്നാൽ അടുത്തിടെ യുവതി മറ്റൊരാളുമായി അടുപ്പത്തിലായി. ഇത് വിവാഹത്തിലേക്ക് എത്തുന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്.

വണ്ടാനം മെഡിക്കൽ കോളജിലെ താത്കാലിക നഴ്‌സാണ് ഹരികൃഷ്ണ. രതീഷാണ് ഹരികൃഷ്ണയെ സ്‌കൂട്ടറിൽ വീട്ടിലെത്തിക്കാറുള്ളത്. വെള്ളിയാഴ്ച രാത്രി എട്ടരയായിട്ടും വീട്ടിൽ എത്താത്തതിനെ തുടർന്ന് വീട്ടുകാർ രതീഷിനെ വിളിച്ചു ചോദിക്കുകയായിരുന്നു. എന്നാൽ ഇന്ന് ജോലി കഴിഞ്ഞ് വരില്ലെന്നായിരുന്നു രതീഷിന്റെ മറുപടി. തുടർന്ന് ശനിയാഴ്ച രതീഷിന്റെ പൂട്ടിയ വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.

രതീഷിന്റെ ഭാര്യ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ്. കുട്ടികളെ സ്വന്തം വീട്ടിലാക്കിയ ശേഷമായിരുന്നു രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്ക് കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *