കണ്ണൂരിൽ ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു
ബൈക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച യുവാവിനും കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച അമൽ അജിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 19 വയസ്സായിരുന്നു. മരണശേഷം എടുത്ത സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
കഴിഞ്ഞാഴ്ചയാണ് അമൽ അജിക്ക് അപകടത്തിൽ പരുക്കേൽക്കുന്നത്. ഒരാഴ്ചയോളം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ചത്.
ഐസിയുവിൽ ചികിത്സയിലിരിക്കെ മരിച്ച രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചത് കടുത്ത ആശങ്കക്ക് വഴിവെച്ചിട്ടുണ്ട്. അമലിന് രോഗം സ്ഥിരീകരിച്ചത് ആശുപത്രിയിൽ നിന്നാണോയെന്ന കാര്യവും ആരോഗ്യ വകുപ്പ് പരിശോധിക്കുകയാണ്. പരിയാരത്തെ 14 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.