കൊവിഡ്: ജനജാഗ്രത ശക്തമാക്കാന്‍ ബ്രേക്ക് ദി ചെയിന്‍ കാര്‍ട്ടൂണുകള്‍
കോവിഡ് മഹാമാരിയുടെ കടുത്ത ഭീഷണി ഉയരുമ്പോള്‍ പ്രതിരോധത്തിനായി അവബോധ കാര്‍ട്ടൂണുകള്‍. ‘മാസ്‌ക് ധരിച്ചാല്‍ കൊറോണ പോകും ഇല്ലെങ്കില്‍ നമ്മള്‍ പോകും’, ‘ബ്രേക്ക് ദ ലൈഫല്ല അങ്കിള്‍’, ‘മക്കളേ അച്ഛന്‍ എന്താണ് കൊണ്ടുവന്നെന്ന് നേക്കിക്കേ’ തുടങ്ങിയ രസകരമായ ആശയങ്ങളിലൂടെ സമൂഹത്തെ ബോധവത്ക്കരിക്കുകയാണ് ഇത്തരം കാര്‍ട്ടൂണുകളിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും ആരംഭിച്ച കാര്‍ട്ടൂണ്‍ മതില്‍ പ്രചാരണത്തിന്റെ തുടര്‍ച്ചയായിട്ടാണ് ‘കോവിഡ് ലൈന്‍സ്’ എന്ന പുതിയ പരിപാടി. കേരള സാമൂഹ്യ സുരക്ഷാ മിഷനും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് ജനജാഗ്രതയ്ക്കായി പുതിയ യത്‌നത്തിന് തുടക്കമിടുന്നത്.
കോവിഡില്‍ നിന്ന് രക്ഷപ്പെടാനുള്ള ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശങ്ങള്‍ കൂടുതലായി ജനങ്ങളിലെത്തിക്കുകയാണ് ഈ അവബോധ പരിപാടികളുടെ ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ജനപ്രിയ കാര്‍ട്ടൂണുകളിലൂടെ ഈ സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. തുടക്കമായി മാസ്‌ക് ധരിക്കുന്നതിലെ പിഴവുകള്‍ സംബന്ധിച്ച കാര്‍ട്ടൂണുകളാണ് തയ്യാറാക്കിയത്.
ബ്രേക്ക് ദ ചെയിന്‍ പ്രചാരണത്തിന്റെ ഭാഗമായി ഓരോ ഘട്ടത്തിലും പ്രസക്തമായ വിഷയങ്ങളെ കുറിച്ചുള്ള കാര്‍ട്ടൂണുകളാണ് അക്കാദമി അംഗങ്ങള്‍ വരയ്ക്കുക. വ്യക്തിപരമായി സ്വന്തം രചനകളിലൂടെ കോവിഡ് കാലം വരയ്ക്കുന്ന കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് ഒരു പൊതുവേദി രോഗ പ്രതിരോധത്തിനായി ഒരുക്കുകയാണ് പുതിയ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
മഹാമാരിക്ക് എതിരെ സംസ്ഥാനമൊട്ടുക്ക് എല്ലാ ജില്ലകളിലും ഇതേ തരത്തില്‍ സാമൂഹ്യ സുരക്ഷാ മിഷനുമായി ചേര്‍ന്ന് കാര്‍ട്ടൂണ്‍ അക്കാദമി കാര്‍ട്ടൂണ്‍ ഒരുക്കിയ മതില്‍ വലിയ ജനശ്രദ്ധ നേടിയിരുന്നു.