ഏപ്രില്‍ മാസത്തില്‍ ഒരു കാര്‍ പോലും വില്‍ക്കാനാവാതെ മാരുതി
കോവിഡ് 19ന്‍റെ വ്യാപനം തടയുന്നതിനായി രാജ്യവ്യാപകമായി ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ ഒരു യൂണിറ്റ് പോലും വിൽക്കാനായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ റിപ്പോർട്ട് ചെയ്തു. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് 2020 ഏപ്രിലിൽ ഒരു കാർ പോലും വിൽക്കാൻ കഴിഞ്ഞില്ലെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. സർക്കാർ ഉത്തരവുകൾക്ക് അനുസൃതമായി എല്ലാ ഉൽപാദന വിതരണ പ്രവർത്തനങ്ങളും നിർത്തലാക്കിയതാണ് ഇതിന് കാരണമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കൾ പ്രസ്താവനയിൽ പറയുന്നു.
തുറമുഖ പ്രവർത്തനം പുനരാരംഭിച്ചതോടെ മുണ്ഡ്ര തുറമുഖത്ത് നിന്ന് 632 യൂണിറ്റുകൾ മാരുതി കയറ്റുമതി ചെയ്തു. എല്ലാ സുരക്ഷാ മാർഗനിർദ്ദേശങ്ങളും ഉറപ്പുവരുത്തിയാണ് യൂണിറ്റുകൾ അയച്ചതെന്ന് കമ്പനി അറിയിച്ചു. മറ്റു കമ്പനികള്‍ ഓണ്‍ലൈനായി വില്‍പന പുനരാരംഭിച്ചെങ്കിലും മാരുതി അതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല.
തുടർച്ചയായി ഉൽപാദനം നിലനിർത്താനും വിൽപന നടത്താനും കഴിയുമ്പോൾ പ്രവർത്തനം ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെന്ന് മാരുതി ചെയർമാൻ ആർ.സി ഭാർഗവ പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ ലോക്ക്‌ഡൗണ്‍ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വാഹന വിപണിയിലും ലോക്ക്‌ഡൗണ്‍ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. മാര്‍ച്ചില്‍ 92,540 വാഹനങ്ങളാണ് മാരുതി നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാകട്ടെ 1,36,201 യുണിറ്റുകൾ നിർമിച്ചിരുന്നു.