Sunday, January 5, 2025
Kerala

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ഹൈക്കമാൻ്റിനോട് ആവശ്യപ്പെടാൻ കെപിസിസി സംസ്ഥാന നേതൃത്വം

കേരളത്തിലെ യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ് മാറ്റിവെക്കണം എന്ന ആവശ്യവുമായി സംസ്ഥാന നേതൃത്വം. ഇക്കാര്യം ഹൈക്കമാൻഡിനെ അറിയിക്കാൻ നേതൃത്വം തീരുമാനിച്ചു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നാളെ ഡൽഹിയിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ഉന്നയിക്കും. ‘യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഗ്രൂപ്പ് പോരിന് ആക്കം കൂട്ടി’ എന്ന നിലപാടിലാണ് ഇരു നേതാക്കളും. യൂത്ത് കോൺഗ്രസുകാർ സമരത്തിന് ഇറങ്ങുന്നില്ല പകരം വോട്ട് വോട്ടു പിടിക്കുന്ന തിരക്കിലാണെന്നുമുള്ള ചോദ്യങ്ങൾ ഉയർന്നതോടെയാണ് നേതൃത്വത്തിന്റെ നീക്കം.

കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികൾ ഹൈക്കമാൻഡിനെ അറിയിക്കുന്നതിനാണ് വി.ഡി സതീശനും കെ സുധാകരനും നാളെ ഡൽഹിയിലെത്തുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും നേരിൽ കണ്ട് രാഷ്ട്രീയ സ്ഥിതിഗതികൾ അറിയിക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് കോൺഗ്രസ് പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും ഡൽഹി സന്ദർശനം. കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കുമായി സുധാകരനും സതീശനും രണ്ട് ദിവസം ഡൽഹിയിൽ ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മോൻസൺ മാവുങ്കൽ ഉൾപ്പെട്ട വ്യാജ പുരാവസ്തു തട്ടിപ്പ് കേസിൽ സുധാകരനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *