ലക്ഷദ്വീപ് എംപിയുടെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും ഔദ്യോഗിക വസതികളിലും ഇഡി പരിശോധന. ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇ.ഡി നടപടി. എം.പിയുമായി ബന്ധപ്പെട്ട ചില വസ്തുവകകളുടെ രേഖകളും സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകളും റെയ്ഡില്‍ കണ്ടെടുത്തിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി.
ലക്ഷദ്വീപിൽ നിന്ന് ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട അഴിമതിയിൽ എംപി മുഹമ്മദ് ഫൈസൽ ഉൾപ്പെടെയുള്ള ചില ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേര്‍ന്ന് ടെന്‍ഡറിലും മറ്റും ക്രമക്കേടുകള്‍ നടത്തി ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്‌തെന്നതാണ് കേസ്. ഈ കേസില്‍ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതി.
ഇതിനുപിന്നാലെയാണ് ഇഡിയും കേസെടുത്ത് നടപടികളിലേക്ക് നീങ്ങിയത്. ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിലെ വീട്ടിലും കൊച്ചിയിലേയും ഡല്‍ഹിയിലേയും ഔദ്യോഗിക വസതികളിലുമാണ് റെയ്ഡ് നടന്നത്. ഫൈസലുമായി ബന്ധപ്പെട്ട് കോഴിക്കോട് ബേപ്പുരുള്ള സ്ഥാപനത്തിലും റെയ്ഡ് നടന്നു. നാല് കേന്ദ്രങ്ങളിലും ഒരേ സമയത്തായിരുന്നു പരിശോധന. ബേപ്പൂരില്‍ നിന്ന് ചരക്ക് ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്ന കോറല്‍ ലോജിസ്റ്റിക്‌സ് എന്ന സ്ഥാപനത്തിലാണ് റെയ്ഡ് നടന്നത്. എംപിയെ അടുത്ത ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു.