കരിന്തളം കോളജ് വ്യാജരേഖക്കേസിൽ കെ വിദ്യ നാളെ ഹാജരാകില്ല
കരിന്തളം കോളജ് വ്യാജരേഖക്കേസിൽ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ നാളെ നീലേശ്വരം പൊലീസിന് മുന്നിൽ ഹാജരാകില്ല. ആരോഗ്യപ്രശ്‌നങ്ങൾ കാരണം നാളെ ഹാജരാകാനാകില്ലെന്ന് അറിയിച്ചു. പകരം ചൊവ്വാഴ്ച ഹാജരാകാമെന്നും വിദ്യ. കോടതി നിർദ്ദേശപ്രകാരം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നീലേശ്വരം പൊലീസ് നേരത്തെ വിദ്യയ്ക്ക് നോട്ടീസ് നൽകിയിരുന്നു.
കരിന്തളം ഗവ.കോളജിൽ വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചർ നിയമം നേടിയ കേസിലാണ് നീലേശ്വരം പൊലീസ് അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം വിദ്യയെ അറസ്റ്റ് ചെയ്യാൻ മണ്ണാർക്കാട് കോടതി വളപ്പിൽ എത്തിയ പൊലീസിനോട്, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് വിദ്യക്ക് നോട്ടീസ് നൽകാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതനുസരിച്ച് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നീലേശ്വരം പൊലീസ് വിദ്യയ്ക്ക് നോട്ടിസ് നൽകി.
ഇതിന് പിന്നാലെയാണ് നാളെ ഹാജരാകാനാകില്ലെന്ന് വിദ്യ അറിയിച്ചിരിക്കുന്നത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ചൊവ്വാഴ്ച ഹാജരാകുമെന്നും വിദ്യ അറിയിച്ചു. അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിൽ ജോലിക്കായി വ്യാജരേഖ ചമച്ചെന്ന കേസിൽ കെ.വിദ്യക്ക് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്. മണ്ണാര്‍ക്കാട് കോടതിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആള്‍ജാമ്യം നല്‍കണം, ഒരു കാരണവശാലും കേരളം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കോടതിയില്‍ ഹാജരാക്കണം. ഒന്നിടവിട്ട ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും നിർദേശവുമുണ്ട്.
വ്യാജ പ്രവൃത്തി സർട്ടിഫിക്കറ്റ് കേസിലാണ് കെ.വിദ്യ അറസ്റ്റിലായത്. ബുധനാഴ്ച രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്ത് സുഹൃത്തിന്റെ വീട്ടിൽനിന്നാണ് അഗളിപൊലീസ് വിദ്യയെ പിടികൂടുന്നത്. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിയാണ് കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്‌സ് കോളജിലെ മലയാളം ഗെസ്റ്റ് ലക്‌ചറർ തസ്‌തികയിൽ നിയമനം ലഭിക്കാൻ എറണാകുളം മഹാരാജാസ് കോളജിന്റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.