അരിക്കൊമ്പൻ കുമളി ടൗണിന് ആറ് കിലോമീറ്റർ അകലെ വരെ എത്തി; പിന്നാലെ മേദകാനത്തേക്ക് തന്നെ മടങ്ങി
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കാട്ടാന കുമളി ടൗണിന് ആറ് കിലോമീറ്റർ അകലെ വരെ എത്തി. ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ മടങ്ങി. ഇതിനിടെ പൂപ്പാറയിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വച്ച് കാർ ഇടിച്ചത് ചക്കക്കൊമ്പനെയാണെന്ന് സ്ഥിരീകരിച്ചു.
ജിപിഎസ് കോളറിൽ നിന്ന് ലഭിച്ച സിഗ്‌നലുകളിൽ നിന്നാണ് അരിക്കൊമ്പൻ ആകാശദൂരപ്രകാരം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ എത്തിയെന്ന് വ്യക്തമായത്. കാടിനുള്ളിൽ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാൽ മതി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഒരു സംഘം വനപാലകർ കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജിപിഎസ് സിഗ്‌നലുകൾ പരിശോധിക്കുന്നതും തുടരുകയാണ്. അവസാനം സിഗ്‌നൽ ലഭിക്കുമ്പോൾ മേതകാനം ഭാഗത്താണ് അരികൊമ്പൻ ഉള്ളത്.
തമിഴ്‌നാട് വനമേഖലയിൽ നിന്ന് തിരിച്ചെത്തിയ ആന കഴിഞ്ഞ കുറച്ചു ദിവസമായി പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ തന്നെ തുടരുന്നു. വേണ്ടത്ര തീറ്റയും വെള്ളവും ലഭ്യമായതിനാൽ ഇവിടെത്തന്നെ നിൽക്കും എന്നാണ് കണക്കുകൂട്ടൽ. അതേസമയം കഴിഞ്ഞദിവസം രാത്രി പൂപ്പാറ യിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വച്ച് കാർ ഇടിച്ചത് ചക്കകെമ്പനെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ആനയുടെ പരിക്ക് സാരമുള്ളതല്ലെന്നും, സാധാരണപോലെ നടക്കുന്നുണ്ടെന്നും വനംവകുപ്പ് വ്യക്തമാക്കി. വനംവകുപ്പ് വെറ്റിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെയും നിയോഗിച്ചു.