കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി പ്രവർത്തിക്കില്ല; പദവിയുടെ അന്തസ്സും ഔചിത്യവും പാലിക്കും: സ്പീക്കർ എംബി രാജേഷ്
കക്ഷി ഭേദമില്ലാതെ എല്ലാ അംഗങ്ങളുടെയും താത്പര്യം സംരക്ഷിക്കുന്നതിലും ജനങ്ങളെ ബാധിക്കുന്ന ഏത് വിഷയവും ഉയർത്തുന്നതിനുമുള്ള പൂർണ സ്വാതന്ത്ര്യം നൽകുന്നതിനും സ്പീക്കർ എന്ന നിലയിൽ പ്രതിജ്ഞാബദ്ധനായിരിക്കുമെന്ന് എം ബി രാജേഷ്. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന മാധ്യമങ്ങളിൽ വന്ന വാർത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാണിച്ചു. അങ്ങനെയൊരു പ്രസ്താവന മാധ്യമങ്ങൾ നൽകുമ്പോൾ പ്രതിപക്ഷ നേതാവിനുണ്ടായ ആശങ്ക മറ്റ് പലർക്കുമുണ്ടായിക്കാണും. യഥാർഥത്തിൽ പറഞ്ഞത് കക്ഷി രാഷ്ട്രീയം പറയുമെന്നല്ല. കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കർ പ്രവർത്തിക്കില്ല, എന്നാൽ സഭക്ക് പുറത്ത് ഉയർന്നുവരുന്ന പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളിൽ അഭിപ്രായം പറയും എന്നാണ്
സ്പീക്കർ പദവിയുടെ അന്തസ്സും ഇത് നിർവഹിക്കുമ്പോൾ പാലിക്കേണ്ട ഔചിത്യവും പാലിച്ചു കൊണ്ട് മാത്രമായിരിക്കും അത്തരം അഭിപ്രായ പ്രകടനങ്ങൾ ഉണ്ടാകുകയെന്ന് സഭയ്ക്ക് ഉറപ്പ് നൽകുന്നതായും സ്പീക്കർ പറഞ്ഞു. സ്പീക്കറുടെ മറുപടി പ്രതിപക്ഷ നേതാവ് സതീശൻ കയ്യടിച്ച് പിന്തുണക്കുകയും ചെയ്തു