Friday, January 10, 2025
Kerala

ഓപറേഷൻ കാവേരി തുടരുന്നു; കേന്ദ്രമന്ത്രി വി മുരളീധരൻ ജിദ്ദയിൽ, ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും

ദില്ലി: സുഡാനിൽ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷിക്കാനുള്ള ഓപ്പറേഷൻ കാവേരി തുടരുന്നു. ദൗത്യത്തിന് നേതൃത്വം നൽകാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ജിദ്ദയിലാണ് ഉള്ളത്. പോർട്ട് സുഡാനിൽ നിന്നും ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേന വിമാനത്തിൽ നാട്ടിലെത്തിക്കും. അതിനിടെ സുഡാനിൽ വെടി നിർത്തൽ 72 മണിക്കൂർ കൂടി നീട്ടി. അഞ്ഞൂറ് ഇന്ത്യക്കാർ പോർട്ട് സുഡാനിൽ എത്തിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചിരുന്നു. സൈന്യത്തിന്റെ കപ്പലായ ഐഎൻഎസ് സുമേധയിൽ ജിദ്ദയിലെത്തിക്കുന്ന ഇന്ത്യാക്കാരെ വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് തീരുമാനം.

സുഡാനിലെ ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്‍റെ ഭാര്യയും മകളും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി. ഖാർത്തൂമിലെ ഫ്ലാറ്റിന്‍റെ ബേസ്‌മെന്‍റിലായിരുന്നു കഴിഞ്ഞ ഒൻപത് ദിവസം ഇവർ കഴിഞ്ഞിരുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ശോഭ എന്ന് സ്ഥലത്തേക്ക് മാറിയത്. പുതിയ കേന്ദ്രത്തിൽ ആൽബർട്ട് അഗസ്റ്റിൻ ജോലി ചെയ്തിരുന്ന കമ്പനി വെള്ളവും ഭക്ഷണവും എത്തിച്ചതായി സൈബല്ല കണ്ണൂരിലെ ബന്ധുക്കളെ അറിയിച്ചു. വരും ദിവസം സുഡാൻ പോർട്ടിലേക്ക് തിരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സൈബല്ല പറഞ്ഞു.

അതിനിടെ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഫ്രാൻസ് ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി 388 പേരെയാണ് ഫ്രാൻസ് രക്ഷപ്പെടുത്തിയത്. ഇന്ത്യാക്കാരും ഉണ്ടെന്ന് ഇന്ത്യയിലെ ഫ്രഞ്ച് എംബസി അറിയിച്ചു. 28 രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് രണ്ട് യുദ്ധ വിമാനങ്ങളിലായി ഫ്രാൻസ് ഒഴിപ്പിച്ചത്. സൗദി കഴിഞ്ഞ ദിവസം നടത്തിയ രക്ഷാദൗത്യത്തില്‍ മൂന്ന് ഇന്ത്യക്കാരെയും ഒഴിപ്പിച്ചിരുന്നു. ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ എൻ എസ് സുമേധ രക്ഷാദൗത്യത്തിന് പോര്‍ട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തിന് ജിദ്ദയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *