പി കെ ശശിയ്‌ക്കെതിരെ സിപിഐഎം ഇടപെടല്‍; യൂണിവേഴസല്‍ കോളജില്‍ നിക്ഷേപിച്ച തുക തിരിച്ച് പിടിക്കും
ഫണ്ട് തിരിമറി ആരോപണത്തില്‍ പി കെ ശശിയ്ക്ക് തിരിച്ചടി. കെടിഡിസി ചെയര്‍മാന്‍ പി കെ ശശി ചെയര്‍മാനായ യൂണിവേഴ്‌സല്‍ കോളജില്‍ സഹകരണ ബാങ്കുകള്‍ നിക്ഷേപിച്ച തുക തിരിച്ചുപിടിയ്ക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി. കുമരംപുത്തൂര്‍ സഹകരണബാങ്ക് നിക്ഷേപിച്ച ഒരു കോടി 36 ലക്ഷം രൂപ പിന്‍വലിക്കാനും തീരുമാനമെടുത്തിട്ടുണ്ട്.
ഒരു കോടി 36 ലക്ഷം കൂടാതെ 25 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപവുമാണ് തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമിതി യോഗമാണ് യൂണിവേഴ്‌സല്‍ കോളജില്‍ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെടാന്‍ തീരുമാനമെടുത്തത്.
പി കെ ശശിയ്‌ക്കെതിരായ പരാതികള്‍ പുത്തനത്ത് ദിനേശന്റെ നേതൃത്വത്തില്‍ അന്വേഷിക്കുന്നതിനിടെയാണ് പി കെ ശശി ഇപ്പോള്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. യൂണിവേഴ്‌സല്‍ കോളജ് അഞ്ച് കോടിയിലധികം രൂപയുടെ നഷ്ടം നേരിടുന്നതായി 2020-21 ലെ സഹകരണ ഓഡിറ്റ് കണ്ടെത്തിയിരുന്നു. ഈ കോളജിലേക്ക് സിപിഐഎം നിയന്ത്രണത്തിലുള്ള വിവിധ സഹകരണ ബാങ്കുകളില്‍ നിന്ന് പാര്‍ട്ടി അറിയാതെ ഓഹരി ശേഖരിച്ചിരുന്നു. ഇത് മണ്ണാര്‍ക്കാട് പാര്‍ട്ടിയ്ക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുമരംപുത്തൂര്‍ സഹകരണബാങ്ക് നിക്ഷേപിച്ച ഒരു കോടി 36 ലക്ഷം രൂപ പിന്‍വലിക്കാന്‍ ബാങ്കിന്റെ ഭരണസമിതി യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.