വീണ്ടും രാഷ്ട്രീയ ശ്രദ്ധാ കേന്ദ്രമായി വയനാട്; ഉപതെരഞ്ഞെടുപ്പ് ഉടൻ ഉണ്ടാകുമോ?
രാഹുല്‍ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനായതോടെ വീണ്ടും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമാവുകയാണ് വയനാട്. സൂറത്ത് കോടതിയുടെ വിധിക്ക് സ്‌റ്റേയോ ഇളവോ ലഭിച്ചില്ലെങ്കില്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പുണ്ടാകാനാണ് സാധ്യത. സാഹചര്യത്തെ നിയമപരമായി നേരിടുമെന്ന് പറയുന്ന കോൺഗ്രസ് കേന്ദ്രങ്ങളില്‍ പക്ഷേ ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. സൂറത്ത് കോടതി വിധിക്കെതിരെ രാഹുലിന് ഹൈക്കോടതിയേയോ സുപ്രിംകോടതിയോ സമീപിക്കാം. മേല്‍ക്കോടതി സൂറത്ത് കോടതി വിധി സ്റ്റേ ചെയ്യുകയോ ഇളവ് നല്‍കുയോ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.അങ്ങനെയെങ്കില്‍ നിലവില്‍ എംപിയില്ലാത്ത വയനാട് വീണ്ടും രാഷ്ട്രീയകേരളത്തിലെ ശ്രദ്ധാകേന്ദ്രമായി മാറും.അങ്ങനെയെങ്കില്‍ ഈ വര്‍ഷം നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനോടൊപ്പം വയനാട്ടില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാണ് സാധ്യത.
ഉപതെരഞ്ഞെടുപ്പ് സാധ്യതയടക്കം മുന്നില്‍ കാണുന്ന ബിജെപി മികച്ച സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി കേരളത്തില്‍ അക്കൗണ്ട് തുറക്കാനുളള സാധ്യത തേടും. ഇടതുമുന്നണിയില്‍ സിപിഐയുടെ സീറ്റാണ് വയനാട്.കഴിഞ്ഞ തവണ നാല് ലക്ഷത്തില്‍പ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുല്‍ വയനാട്ടില്‍ വിജയിച്ച് കയറിയത്. ഉപതെരഞ്ഞെടുപ്പുണ്ടായാലും വിജയത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.