Friday, April 18, 2025
Kerala

കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവം; പൊലീസ് നിസാര വകുപ്പ് മാത്രം ചുമത്തിയെന്ന് സജ്‌നയുടെ കുടുംബം

കോഴിക്കോട് നാഷണല്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ പൊലീസ് നിസാര വകുപ്പ് മാത്രം ചുമത്തിയതായി പരാതി. ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനായി ആശുപത്രി അധികൃതര്‍ ഗൂഢാലോചന നടത്തിയതായി സജ്‌നയുടെ കുടുംബം ആരോപിക്കുന്നു. നഷ്ടപരിഹാരം തേടി ഉപഭോക്തൃ കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു.

അശ്രദ്ധമായി ചികിത്സിച്ചതിനാണ് ഡോ.ബഹിര്‍ഷാനെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. എന്നാല്‍ വീഴ്ച അല്ലെന്നും മനപൂര്‍വ്വം നടത്തിയ കുറ്റകൃത്യമായി കണ്ട് ഗുരുതരമായ വകുപ്പുകള്‍ ചേര്‍ക്കണമെന്ന് സജ്‌നയുടെ കുടുംബം പറയുന്നു. വീഴ്ച സംഭവിച്ചില്ലെന്ന നിലപാടില്‍ ആശുപത്രി അധികൃതര്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ നഷ്ട പരിഹാരം തേടി കോടതിയെ സമീപിക്കുമെന്ന് കുടുംബം അറിയിച്ചു.

അസ്തി രോഗ വിദഗ്ധനും ശസ്ത്രക്രിയ വിദഗ്ധനും ഉള്‍പ്പെടുന്ന രണ്ടംഗ സമിതിയായിരിക്കും ആരോഗ്യ വകുപ്പിന്റെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അഡീഷണല്‍ ഡിഎംഒ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

വാതിലിന് ഇടയില്‍പ്പെട്ട് ഇടത് കണങ്കാലിന് ഗുരുതര പരിക്കു പറ്റിയ കക്കോടി സ്വദേശി സജ്‌ന കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നാഷണല്‍ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം മേധാവി പി ബെഹിര്‍ഷാന്റെ ചികിത്സയിലാണ്. ശസ്ത്രക്രിയ നടത്തിയാല്‍ പരിക്ക് ഭേദമാകുമെന്ന് ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്നാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. എന്നാല്‍ സര്‍ജറി പൂര്‍ത്തിയായി രാവിലെ ബോധം തെളിപ്പോഴാണ് കാലുമാറിയ കാര്യം സജ്‌ന പോലും അറിയുന്നത്. വലതുകാലിനും പരുക്കുണ്ടെന്ന് ബോധ്യപ്പെട്ടാണ് ശസ്ത്രക്രിയ ചെയ്തതെന്നായിരുന്നു ഡോക്ടറുടെ ആദ്യ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *