ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും, വിരുന്ന് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്
തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തുന്ന അറ്റ് ഹോം പരിപാടിയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുക. ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ അടക്കം മന്ത്രിസഭ വിട്ടു നിന്നിരുന്നു. ഗവർണർ സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് വിരുന്നിൽ പങ്കെടുക്കാനുള്ള തീരുമാനം. 2020 ൽ ആണ് അവസാനമായി അറ്റ് ഹോം നടന്നത്.
അതേസമയം പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വലിയ ചർച്ചയായിരുന്നു. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിലെ കേന്ദ്രവിമര്‍ശനവും ഗവര്‍ണര്‍ക്ക് എതിരായ പരോക്ഷ വിമര്‍ശനവും വായിച്ചു. സാമ്പത്തിക വളര്‍ച്ച, സാമൂഹിക ശാക്തീകരണം, അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമം എന്നീ വിഷയങ്ങളിലെ കേരളത്തിന്‍റെ വളര്‍ച്ചയെ ഗവര്‍ണര്‍ പുകഴ്ത്തി.
അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച സംസ്ഥാനം നേടിയെന്നും സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സാമൂഹിക ശാക്തീകരണത്തില്‍ സംസ്ഥാനം മാതൃകയാണ്. അതിദാരിദ്രം ഒഴിവാക്കാന്‍ സംസ്ഥാനം ശ്രദ്ധേയ പരിശ്രമം നടത്തുകയാണ്. സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് അടിസ്ഥാന വിഭാഗങ്ങളുടെ ക്ഷേമത്തില്‍ ഊന്നിയ വികസനത്തിനാണ്. തൊഴില്‍ ഉറപ്പാക്കുന്നതില്‍ രാജ്യത്ത് കേരളം മൂന്നാം സ്ഥാനത്താണെന്നും ഗവര്‍ണര്‍ പറഞ്ഞു. വേര്‍തിരിവില്ലാത്ത സംസ്ഥാനമായി കേരളത്തിന് നിലനില്‍ക്കാന്‍ കഴിയുന്നുണ്ട്. നാനാത്വം അംഗീകരിച്ച് തന്നെയാണ് സംസ്ഥാനം മുന്നോട്ട് പോകുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗവും ഗവര്‍ണര്‍ വായിച്ചു. കിഫ്ബി കേരളത്തിന്‍റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തിയതിലായിരുന്നു വിമര്‍ശനം. കടമെടുപ്പ് പരിധി നിയന്ത്രിച്ചത് വികസനത്തിന് പ്രതിബന്ധമാകുന്നെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് എതിരായ പരോക്ഷ വിമര്‍ശനവും ഗവര്‍ണര്‍ വായിച്ചു. ബില്ലുകള്‍ നിയമമാകുന്നെന്ന് ഉറപ്പാക്കുക സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്. ജനങ്ങളുടെ താല്‍പ്പര്യങ്ങള്‍ പ്രതിഫലിക്കുന്ന നിയമസഭകള്‍ സംരക്ഷിക്കപ്പെടണം. സംസ്ഥാനങ്ങളുടെ നിയമനിര്‍മ്മാണ അധികാരം സംരക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
എന്നാൽ നയപ്രഖ്യാപന പ്രസംഗത്തിന് പിന്നാലെ വലിയ വിമർശനമാണ് പ്രതിപക്ഷം ഗവർണർക്കും സർക്കാരിനുമെതിരെ ഉന്നയിച്ചത്. ഇരുമ്പ് പഴുക്കുമ്പോള്‍ കൊല്ലനും കൊല്ലത്തിയും ഒന്നെന്ന് പറയുന്നത് പോലെയാണ് നയപ്രഖ്യാപന പ്രസംഗമെന്നാണ് കെ. സുധാകരന്‍ എംപി കുറ്റപ്പെടുത്തിയത്. ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും എതിരായ വിമര്‍ശനം മുഖ്യമന്ത്രി മയപ്പെടുത്തിയപ്പോള്‍ സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ജനദ്രോഹ ഭരണത്തെ പ്രകീര്‍ത്തിക്കുന്ന വാചോടാപം മാത്രമാണ് ഗവര്‍ണറുടെ നയപ്രഖ്യാപനമെന്ന് കെപിസിസി പ്രസിഡന്‍റും പറഞ്ഞു.