Friday, January 10, 2025
Kerala

സ്‌കൂള്‍ പഠനത്തില്‍ സമൂല മാറ്റം; ഇന്നുമുതല്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍, മുഴുവന്‍ അധ്യാപകരും ഹാജരാവണം

കോഴിക്കോട്: സ്‌കൂള്‍ പഠനത്തില്‍ സമൂല മാറ്റം നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. ഇന്നു മുതല്‍ ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍ വീതം ഇരിക്കാം. 10, 12 ക്ലാസുകളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതോടെ ഒരു ക്ലാസില്‍ 20 കുട്ടികളെ വരെ ഇരുത്താം.

ഒരു ബെഞ്ചില്‍ ഒരുകുട്ടി എന്നായിരുന്നതിനാല്‍ പത്തുകുട്ടികളെ വീതം ഓരോ വിഷയത്തിനും കൂടുതല്‍ ക്ലാസെടുക്കുകയായിരുന്നു അധ്യാപകര്‍. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതുമുതലുള്ള കാര്യങ്ങള്‍ അവലോകനം ചെയ്താണു പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

മുഴുവന്‍ അധ്യാപകരും സ്‌കൂളിലെത്തണം.

കൊവിഡ് മൂലം വരാന്‍പറ്റാതെ വര്‍ക് ഫ്രം ഹോം ആയ അധ്യാപകരൊഴികെ മുഴുവന്‍ പേരും സ്‌കൂളിലെത്തണം. അല്ലാത്തവര്‍ക്കെതിരേ കര്‍ശന നടപടി വരും. ശനിയാഴ്ച പ്രവൃത്തിദിനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകളിലും ഇതു പ്രാവര്‍ത്തികമാക്കണം.

10, 12 ക്ലാസുകളില്‍ സംശയനിവാരണം, ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍പ്രവര്‍ത്തനം, മാതൃകാപരീക്ഷ നടത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് ഒന്നാം തീയതി മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു സ്‌കൂളുകള്‍ തുറന്നത്. സ്‌കൂള്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റു പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍.

നൂറില്‍ താഴെ കുട്ടികളുള്ള സ്‌കൂളുകളില്‍ എല്ലാ കുട്ടികളും ഒരേസമയം എത്താവുന്ന വിധം ക്രമീകരണങ്ങള്‍ നടത്താം. നൂറില്‍ അധികം കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരേസമയം പരമാവധി 50 ശതമാനം വരാവുന്ന രീതിയില്‍ ക്രമീകരിക്കണം. രാവിലെ എത്തുന്ന കുട്ടികള്‍ വൈകീട്ടു വരെ സ്‌കൂളില്‍ ചെലവഴിക്കുന്നതാണ് ഉചിതം. യാത്രാ സൗകര്യം ലഭ്യമല്ലാത്തതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇതു പരിഹാരമാകും. ഇതിനായി ഒന്നിടവിട്ട ദിവസങ്ങളില്‍ എത്തുന്നതിനുള്ള ക്രമീകരണവും ആകാം. കുട്ടികള്‍ വീട്ടില്‍നിന്നുകൊണ്ടുവരുന്ന ഭക്ഷണം അവര്‍ക്കു നിര്‍ദേശിച്ചിട്ടുള്ള ബെഞ്ചില്‍ തന്നെ ഇരുന്നു കഴിക്കണം. കഴുകുന്ന സ്ഥലത്തു ഹാന്‍ഡ് വാഷ് ഉള്‍പ്പെടെയുള്ള സംവിധാനം ഉണ്ടെന്ന് ഉറപ്പു വരുത്തണം. കൊവിഡ് മാനദണ്ഡം ലംഘിക്കുന്ന ഒരു കൂട്ടംകൂടലും ഉണ്ടാവരുത്.

Leave a Reply

Your email address will not be published. Required fields are marked *