Thursday, January 9, 2025
Kerala

സുഗതകുമാരിയുടെ വിയോഗത്തിൽ നീറി വാഴുവേലി തറവാട്

ചുറ്റും കാടും പടലുമായി ആറന്മുളയിലെ വാഴുവേലി തറവാട് സുഗതകുമാരി ടീച്ചറുടെ ബാല്യകൗമാര സ്മരണകളെ ഉള്ളിലൊതുക്കി നിലകൊള്ളുന്നു. സുഗതകുമാരിയുടെ ജന്മഗൃഹമാണിത്. സംരക്ഷിത സ്മാരകമായി പുരാവസ്തുവകുപ്പിന് വേണ്ടി മന്ത്രി എ കെ ബാലന്‍ നാല് വർഷം മുമ്പ് ഈ പഴമ തുടിക്കുന്ന കെട്ടിടവും പറമ്പും ഏറ്റെടുത്തത് സുഗതകുമാരിയുടെ കൈകളിൽ നിന്നായിരുന്നു. മാതാപിതാക്കളായ ബോധേശ്വരന്റെ (കേശവ പിള്ള) യും വി കെ കാർത്യായനി ടീച്ചറിന്റെയും മരണ ശേഷം മക്കളായ ഡോ. ഹൃദയകുമാരി, സുഗതകുമാരി, ഡോ. സുജാതാദേവി എന്നിവർ ചേർന്ന് രൂപീകരിച്ച ട്രസ്റ്റിന്റെ മേൽനോട്ടത്തിലായിരുന്നു കുടുംബ വീട് സംരക്ഷിച്ചിരുന്നത്. മൂത്ത സഹോദരി ഡോ. ഹൃദയകുമാരിയുടെയും ഇളയ സഹോദരി ഡോ. സുജാതാദേവിയുടെയും മരണത്തിന് ശേഷമാണ് സുഗതകുമാരി തറവാട് കെട്ടിടം സർക്കാരിന്റെ സംരക്ഷണക്കായി വിട്ടുനൽകിയത്.

 

2018‑ലെ പ്രളയത്തിൽ തറവാടിന് ക്ഷതമുണ്ടായതോടെ ഇവിടം പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന് സുഗതകുമാരി മുഖ്യമന്ത്രിയോടും പുരാവസ്തുവകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. ആറന്മുള വാസ്തുവിദ്യാഗുരുകുലം വാസ്തു പരിശോധിച്ച് ഡ്രോയിങ് തയ്യാറാക്കി. വാസ്തുവിദ്യ ഡയറക്ടറും പുരാവസ്തുവകുപ്പ് ഡയറക്ടറും സുഗതകുമാരിയും ഒരുമിച്ചിരുന്ന് പ്ലാനിന് അനുമതി നൽകിയതോടെ പുരാവസ്തുവകുപ്പ് തിരുവനന്തപുരം ഹൈ ഇലക്ട എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന് പുനർനിർമ്മാണച്ചുമതല നൽകി.

2019 ജനുവരിയിലാണ് പുനർനിർമ്മാണജോലികൾ ആരംഭിച്ചത്. വീടും പറമ്പും അതേപോലെ സംരക്ഷിക്കണമെന്ന ആവശ്യം മാത്രമായിരുന്നു സുഗതകുമാരി മുന്നോട്ടു വച്ചത്. സംരക്ഷണ ചുമതല മാത്രമെ സർക്കാരിനുള്ളു. ഉടമസ്ഥാവകാശം സുഗതകുമാരിക്ക് തന്നെയാണ്. വാഴുവേലിൽ തറവാട്ടിൽ ഉണ്ടായിരുന്ന പടിപ്പുര, സർപ്പക്കാവ്, നടപ്പാത എന്നിവയെല്ലാം പഴയ മാതൃകയിൽ സംരക്ഷിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിലെ രണ്ട് പ്രളയം അതിജീവിച്ചെങ്കിലും പ്രളയത്തിൽ തടികളെല്ലാം ജീർണിച്ചതോടെ പുതുതായി തടി വാങ്ങി ഭിത്തികൾ നിർമ്മിക്കുകയാണ്. തറവാടിനെ അതേരീതിയിൽ സംരക്ഷിക്കാനാണ് പുരാവസ്തു വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കേരളത്തിൽ പ്രകൃതി സംരക്ഷണസമിതി രൂപീകരിച്ചപ്പോൾ സ്ഥാപക സെക്രട്ടറിയായി പ്രവർത്തിച്ച ഒരാൾക്ക് സ്വന്തം തറവാടും പറമ്പും ഗൃഹാതുരത്വം തുളുമ്പുന്ന ഓർമ്മകൾ മാത്രമല്ലായിരുന്നു. വീടും പറമ്പും ഒരു പോറൽപോലും വരുത്താതെ സംരക്ഷിച്ചുകൊണ്ടുള്ള മഹത്തായ സന്ദേശമായിരുന്നു നാടിന് നൽകാനുണ്ടായിരുന്നത്. ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ സംരക്ഷിക്കുന്നതോടൊപ്പം അനാഥമാകുന്ന മരങ്ങളെ കുറിച്ചോർത്തും അവർ വേവലാതിപ്പെട്ടുകൊണ്ടിരുന്നു. ചുറ്റുമുള്ള കോൺക്രീറ്റ് വനങ്ങളുടെ മധ്യത്തിൽ നനുത്ത കാറ്റും തണലുമായി വാഴുവേലി തറവാടും ചുറ്റുമുള്ള പറമ്പും സുഗതകുമാരി ടീച്ചറിന്റെ ഓർമ്മകളിൽ മുഴുകി നിൽക്കുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *