Thursday, January 2, 2025
Kerala

പത്തനംതിട്ടയില്‍: അജ്ഞാത സംഘം വിധവയായ വീട്ടമ്മയെ കൈകാലുകള്‍ ബന്ധിച്ച്‌ വായില്‍ തുണി തിരുകി പൊട്ടക്കിണറ്റില്‍ തള്ളി

വീട്ടിലെത്തിയ അജ്ഞാത സംഘം വിധവയായ വീട്ടമ്മയെ കൈകാലുകള്‍ ബന്ധിച്ച്‌ വായില്‍ തുണി തിരുകി സമീപവാസിയുടെ പറമ്പിലെ പൊട്ടക്കിണറ്റില്‍ തള്ളിയെന്ന് പരാതി. ഇലന്തൂര്‍ പരിയാരം മില്‍മാ പടിയ്ക്ക് സമീപം വാലില്‍ ഭാസ്‌കരവിലാസത്തില്‍ വിജയമ്മ(59)യെയാണ് കിണറ്റില്‍ തള്ളിയത്. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.

അതേസമയം, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വീട്ടമ്മയുടെ മൊഴി പരസ്പര വിരുദ്ധമെന്നും ആറന്മുള പോലീസ് പറയുന്നു.നാല് വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഭാസ്‌ക്കരന്‍ മരണപ്പെട്ടതോടെ വിജയമ്മ തനിച്ചാണ് താമസം.

രാവിലെ ഏഴ് മണിയോടെ ഇളയ മകള്‍ സന്ധ്യ ഇവിടെ എത്തുകയും വിജയമ്മയെ അന്വേഷിച്ച്‌ കാണാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

നാട്ടുകാര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ വിജയമ്മയെ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.വിജയമ്മ മരിച്ചതായി തെറ്റിദ്ധരിച്ച്‌ ആറന്മുള പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

പൊലീസ് എത്തി വിജയമ്മയെ പുറത്ത് എടുത്തപ്പോള്‍ ജീവനുണ്ടെന്ന് മനസ്സിലാവുകയും ഉടന്‍ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

രണ്ടു പേര്‍ ചേര്‍ന്നാണ് തന്നെ കിണറ്റില്‍ തള്ളിയതെന്ന് വീട്ടമ്മ പറയുന്നു. സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് ഇവര്‍ ഇനിയും മുക്തി നേടിയിട്ടില്ല. സംഭവം സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *