കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നകാര്യം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം:
കോവിഡ് രോഗികളുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നകാര്യം വീണ്ടും അനിശ്ചിതത്വത്തിലായി. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സെപ്റ്റംബർ ഒന്നിന് ഒമ്പതുമുതലുള്ള ക്ലാസുകൾ ആരംഭിക്കുകയാണ്. കർണാടകത്തിൽ തിങ്കളാഴ്ച സ്കൂൾ തുറന്നു. കേരളത്തിൽ സർവകലാശാലകളും ക്ലാസുകൾ തുടങ്ങിയിട്ടില്ല. പരീക്ഷകൾ മാത്രമാണ് നടക്കുന്നത്. പ്ലസ് വൺ പരീക്ഷ സെപ്റ്റംബർ ആറുമുതൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുമുന്നോടിയായി അടുത്തയാഴ്ച ഓൺലൈനായി മാതൃകാപരീക്ഷയും നടത്തും.
ഒന്നിടവിട്ട ദിവസങ്ങളിലോ ഒന്നിടവിട്ട ആഴ്ചകളിലോ പകുതികുട്ടികളെ വീതമെങ്കിലും സ്കൂളുകളിൽ എത്തിക്കേണ്ടത് അവരുടെ മാനസികവികസനത്തിന് അനിവാര്യമാണെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നുണ്ട്.