രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ചാണ്ടിയോളം ആരെയും വേട്ടയാടിയിട്ടില്ല: കെ സുധാകരന്‍
കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണത്തില്‍ ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനങ്ങള്‍ക്ക് ഒരുപോലെ സ്വീകാര്യനായ നേതാവ് ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി നേതൃ നിരയില്‍ ഉണ്ടായിരുന്നപ്പോള്‍ കെഎസ്‌യുവിനും യൂത്ത് കോണ്ഗ്രസിനും സുവര്‍ണ കാലഘട്ടം ആയിരുന്നുവെന്ന് കെ സുധാകരന്‍ പറയുന്നു. മതേതര മുഖമുദ്ര ആയിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രത്യേകത. ഏറ്റെടുത്ത പദവികളെക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്ക് വിട്ടു നല്‍കിയ നേതാവ് ആയിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ എതിരാളികള്‍ ഉമ്മന്‍ചാണ്ടിയോളം ആരെയും വേട്ടയാടിയിട്ടില്ല എന്ന് കെ സുധാകരന്‍ പറഞ്ഞു. വെറുപ്പിന്റെ പ്രചാരകരെ സ്‌നേഹം കൊണ്ടാണ് ഉമ്മന്‍ ചാണ്ടി നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധിയെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെല്ലാം അദ്ദേഹം മാറ്റിയെഴുതി. ഉമ്മന്‍ചാണ്ടിയാവുക എന്നത് ആയിരിക്കണം ഏതൊരു പൊതുപ്രവര്‍ത്തകന്റെയും ലക്ഷ്യമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യമാണ് ഇന്ന് ഏറെ ശ്രദ്ധേയമായത്. ഇതാദ്യമായാണ് കെപിസിസിയുടെ ഒരു പരിപാടിയില്‍ പിണറായി വിജയന്‍ പങ്കെടുക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ വിയോഗം കോണ്‍ഗ്രസിനും യുഡിഎഫ് മുന്നണിക്കും നികത്താനാകാത്ത നഷ്ടമാണ്. കോണ്‍ഗ്രസിന്റെ ചലിക്കുന്ന നേതാവായിരുന്നു അദ്ദേഹമെന്നും പിണറായി വിജയന്‍ അനുസ്മരിച്ചു.