Tuesday, January 7, 2025
Kerala

കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് കൊട്ടിക്കലാശം, അമിത് ഷായും പ്രിയങ്കഗാന്ധിയും സംസ്ഥാനത്ത്

കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. കേരളം മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് വൈകിട്ട് ആറ് മണിക്ക് പരസ്യപ്രചരണം അവസാനിക്കും.അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍. ദേശീയ നേതാക്കൾ ഇന്ന് കേരളത്തിലെത്തും. കൊട്ടിക്കലാശത്തിന് ആവേശം പകരാൻ അമിത് ഷായും പ്രിയങ്ക ഗാന്ധിയും സംസ്ഥാനത്ത്.

20 ലോക്‌സഭ മണ്ഡലങ്ങളിലും പ്രധാന മുന്നണികൾ ഇന്ന് ശക്തി പ്രകടനവുമായി പരസ്യ പ്രചാരണം കൊട്ടികലാശം നടത്തി അവസാനിപ്പിക്കും. നിശബ്‌ദ പ്രചാരണത്തിന് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ്‌ കൗൾ അറിയിച്ചു

കൊട്ടിക്കലാശം അവസാനിച്ച ശേഷമുള്ള 48 മണിക്കൂറിൽ ആളുകള്‍ നിയമവിരുദ്ധമായി കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്‌താല്‍ ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡ് ചട്ടം 144 പ്രകാരം നടപടി സ്വീകരിക്കും. ഈ സമയത്ത് ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല.

സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ് പോള്‍ മുതലായവയും അനുവദിക്കില്ല. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി അരമണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ് പോളുകള്‍ക്ക് നിരോധനമുള്ളത്. ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 135 സി പ്രകാരം വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നത് വരെയുള്ള 48 മണിക്കൂര്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്.

മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു. ഏപ്രില്‍ 26ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂൺ 4 നാണ് ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *