Monday, January 6, 2025
Kerala

ആറ്റുകാൽ പൊങ്കാല: മൊബൈൽ ലാബുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. ഇതിനായി ഫെബ്രുവരി 27 മുതൽ ഉത്സവ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പ്രവർത്തിക്കും. ഉത്സവ മേഖലകളിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാരുടെ സ്‌ക്വാഡുകൾ പരിശോധന നടത്തുന്നതിനൊപ്പം രാത്രികാല പരിശോധനകൾക്കായി പ്രത്യേക സംഘമെത്തും.

അന്നദാനവും താത്കാലിക കടകളും നടത്തുന്നവർക്ക് ലൈസൻസ് / രജിസ്‌ട്രേഷൻ എടുക്കുന്നതിന് തിങ്കളാഴ്ച (ഫെബ്രുവരി 27) മുതൽ ക്ഷേത്രപരിസരത്തുള്ള കൺട്രോൾ റൂമിൽ അക്ഷയ കേന്ദ്രം തുറക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവർത്തന സമയം. നിശ്ചിത ഗുണനിലവാരമുള്ളതും ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതുമായ ഭക്ഷ്യ വസ്തുക്കൾ മാത്രം പൊങ്കാല നിവേദ്യത്തിനായി ഉപയോഗിക്കണമെന്നും ഭക്ഷണവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങൾക്കുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും ഭക്ഷ്യസുരക്ഷ കമ്മീഷണർ അറിയിച്ചു.

സുരക്ഷിത ഭക്ഷണത്തിനായി പരിശീലനം:
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് സുരക്ഷിത ഭക്ഷണം ഭക്തജനങ്ങൾക്ക് നൽകുന്നതിന്, അന്നദാനം നടത്തുന്നവർക്കും താത്കാലിക കടകൾ നടത്തുന്നവർക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശീലനം നൽകി. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിൽ നടന്ന പരിശീലന പരിപാടിയിൽ 60 പേർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *