നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. വിചാരണ നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് ദിലീപ് വാദിക്കുന്നു. തുടരന്വേഷണം അനന്തമായി നീട്ടാനാകില്ലെന്ന് കോടതിയും പറഞ്ഞിരുന്നു.
തുടരന്വേഷണത്തിന് സമയപരിധി നിശ്ചയിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നുമാണ് പ്രോസിക്യൂഷൻ അറിയിച്ചിട്ടുള്ളത്. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യണമെന്ന കാര്യവും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു
കേസിൽ ആക്രമിക്കപ്പെട്ട നടിയും കക്ഷി ചേർന്നിരുന്നു. തുടരന്വേഷണം മാർച്ച് ഒന്നിന് പൂർത്തിയാക്കണമെന്നായിരുന്നു കോടതി നിർദേശിച്ചത്. അന്ന് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണം. ദിലീപിനെതിരായ കേസിൽ മാത്രം എന്താണിത്ര പ്രത്യേകതയെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. എന്നാൽ മാർച്ച് ഒന്നിന് അന്വേഷണം പൂർത്തിയാക്കാൻ തടസ്സമുണ്ടെന്ന് പ്രോസിക്യൂഷൻ പറഞ്ഞിരുന്നു.