നയതന്ത്ര സ്വർണക്കടത്ത്: സരിത് അടക്കം നാല് പ്രതികൾ ഇന്ന് ജയിലിൽ നിന്നിറങ്ങും
നയതന്ത്ര സ്വർണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത് അടക്കം നാല് പ്രതികൾ ഇന്ന് ജയിലിൽ നിന്നിറങ്ങും. പ്രതികൾക്കെതിരായ കോഫപോസയുടെ കാലാവധി ഇന്ന് അവസാനിക്കും. എൻഐഎ കേസ് അടക്കമുള്ള എല്ലാ കേസുകളിലും ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു
സരിത്, റമീസ്, ജലാൽ, മുഹമ്മദ് ഷാഫി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. നിലവിൽ ഇവർ പൂജപ്പുര സെൻട്രൽ ജയിലിലാണ്. സരിത് കഴിഞ്ഞ ഒരു വർഷത്തിലേറെയായി ജയിലിൽ തന്നെയാണ്. യുഎഇ കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയതിന് ആദ്യം അറസ്റ്റിലായതും ഇയാളായിരുന്നു
സരിത്തിന്റെ കൂട്ടുപ്രതികളായ സ്വപ്‌ന, സന്ദീപ് നായർ എന്നിവർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതോടെ കേസിലെ മുഖ്യപ്രതികളെല്ലാം ജയിലിൽ നിന്ന് പുറത്തിറങ്ങിയിട്ടുണ്ട്.