Monday, January 6, 2025
Kerala

മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണി നേരിടാൻ സി.പി.ഐ.എം

മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ ഭീഷണിയെ ഗൗരവമായി നേരിടാൻ സി.പി.ഐ.എം തീരുമാനം.ബില്ലുകൾ പിടിച്ചു വെച്ചിരിക്കുന്ന ഗവർണറുടെ നിലപാട് സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായി ഭരണസ്തംഭനം ഉണ്ടാക്കാനാണോയെന്നും സിപിഐഎം സംശയിക്കുന്നുണ്ട്.
ഗവര്‍ണര്‍ക്കെതിരെ നിലപാട് കടുപ്പിക്കണമെന്നാവശ്യം മുന്നണിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്നുണ്ട്.

സംസ്ഥാനചരിത്രത്തില്‍ ഇതുവരെ ഒരു ഗവര്‍ണറും നടത്തിയിട്ടില്ലാത്ത പ്രസ്താവനയാണ് ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയത്.തന്നെ വിമര്‍ശിച്ചാല്‍ മന്ത്രിമാരെ പിന്‍വലിക്കാന്‍ വരെ മടിക്കില്ലെന്ന പ്രസ്താവനയ്ക്കെതിരെ മന്ത്രിമാർ തന്നെ രംഗത്തെത്തി. വിഷയത്തെ വലിയ ഗൗരവത്തിൽ കാണാനാണ് സി.പി.ഐ.എം തീരുമാനിച്ചിരിക്കുന്നത്.

ഇന്നലെ ഗവര്‍ണറുടെ പ്രസ്താവന വന്നതിന് പിന്നാലെ സി.പി.ഐ.എമ്മിന്‍റെ അവൈലബിള്‍ സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്ന് തുടര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരിന്നു. മുഖ്യമന്ത്രിയടക്കം പ്രകോപനപരമായി സംസാരിക്കാതെ ഇരിക്കുന്ന സമയത്ത് സര്‍ക്കാരിനെ ചൊടിപ്പിക്കാന്‍ കേരള സര്‍വകലാശാല സെനറ്റ് പ്രതിനിധികളെ പിന്‍വലിക്കുകയും പിന്നാലെ മന്ത്രിമാരെ തിരിച്ച് വിളിക്കുമെന്ന ഭീഷണിപ്പെടുത്തുകയും ചെയ്തത് രാഷ്ട്രീയ ലക്ഷ്യത്തോടെയെന്നാണ് സി.പി.ഐ.എം വിലയിരുത്തൽ.

നിയമസഭ പാസാക്കിയ പ്രധാനപ്പെട്ട ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാതെ മാറ്റി വച്ചിരിക്കുന്നതും സിപിഐഎമ്മിനെ ചൊടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഗവര്‍ണറുടെ അസാധാരണ നീക്കം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് പറയുന്ന സി.പി.ഐ.എം ഇതിനെ തുറന്ന് കാട്ടാന്‍ വേണ്ടിയുള്ള പ്രചാരണ പരിപാടികളിലേക്ക് നീങ്ങിയേക്കും.മുന്നണി തലത്തില്‍ തന്നെ പരസ്യപ്രചരണം ആരംഭിക്കണമെന്നാവശ്യം ശക്തമാണ്.സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *