Wednesday, April 16, 2025
Kerala

ഇടുക്കിയിലെ കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ

ഉരുൾപൊട്ടലുണ്ടായ ഇടുക്കി ജില്ലയിലെ കൊക്കയാർ വാസയോഗ്യമല്ലെന്ന് ജില്ലാ കലക്ടർ ഷീബ ജോർജ്. പ്രദേശവാസികളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കാൻ പഞ്ചായത്തിന് നിർദേശം നൽകി. മഴക്കെടുതിയിൽ ജില്ലയിൽ 78 കോടിയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക കണക്കെന്നും കലക്ടർ പറഞ്ഞു.

കൊക്കയാറിലെ ഒട്ടുമിക്ക സ്ഥലങ്ങളും വാസയോഗ്യമല്ല. വ്യാപക ഉരുള്‍പൊട്ടലുണ്ടായി. ഇനി ആളുകളെ അവിടെ താമസിപ്പിക്കാനാകില്ല. പ്രത്യേക സ്ഥലം കണ്ടെത്തി ആളുകളെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കും. കൊക്കയാറില്‍ മണ്ണു പരിശോധന നടത്തുന്നുണ്ട്. മുല്ലപ്പെരിയാറില്‍ രണ്ടു കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. എല്ലാ നാശനഷ്ടങ്ങളും സര്‍ക്കാരിന് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മാറ്റിപ്പാര്‍പ്പിക്കേണ്ടവരുടെ കണക്കെടുത്തു. ഇതിനായി സ്ഥലം സജ്ജമാക്കിയതായും കലക്ടര്‍ അറിയിച്ചു.

ഇതുവരെ 20 പേരാണ് കൊക്കയാറിലെ ഉരുള്‍പൊട്ടലില്‍ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കൊക്കയറായിൽ ഉരുൾപൊട്ടലുണ്ടായത്.ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കിൽ 774 വീടുകളാണ് തകർന്നത്. കൊക്കയാർ, പെരുവന്താനം മേഖലകളിലുണ്ടായ വലുതും ചെറുതുമായ ഉരുൾപൊട്ടലിൽ 183 വീടുകൾ പൂർണമായും 591 എണ്ണം ഭാഗികമായി തകർന്നെന്നാണ് റവന്യൂ വകുപ്പിന്‍റെ പ്രാഥമിക കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *