”സര്‍ക്കാര്‍ അമ്മയ്ക്കൊപ്പം”; അനുപമയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം പേരൂർക്കടയിൽ അമ്മയറിയാതെ നവജാത ശിശുവിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരിയായ അനുപമയ്ക്ക് പിന്തുണ അറിയിച്ച് മന്ത്രി. വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജാണ് ഇന്നു അനുപമയെ ഫോണിൽ വിളിച്ച് പിന്തുണ അറിയിച്ചത്. കേസിൽ മന്ത്രി വകുപ്പുതല അന്വേഷണവും നടപടിയും ഉറപ്പുനൽകുകയും ചെയ്തിട്ടുണ്ട്.
സെക്രട്ടറിയേറ്റ് പടിക്കൽ അനുപമയുടെ നിരാഹാര സമരം ആരംഭിക്കാൻ ഏതാനും മിനിറ്റുകൾ ബാക്കിനിൽക്കെയാണ് മന്ത്രി ഫോണിൽ വിളിച്ചത്. കേസിൽ വകുപ്പുതല അന്വേഷണം നടത്തും. കൃത്യമായ നടപടികളുണ്ടാകുമെന്നും ഉറപ്പുനൽകി. താനും ഒരു അമ്മയാണ്. അനുപമയുടെ വികാരം തനിക്ക് മനസിലാകും. അനുപമയ്‌ക്കൊപ്പമാണ് സർക്കാരുള്ളതെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
കേസിൽ കഴിഞ്ഞ ദിവസം തന്നെ മന്ത്രി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വകുപ്പ് സെക്രട്ടറിയോട് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ നിർദേശം നൽകി. ഈ റിപ്പോർട്ട് ലഭിച്ചാലുടൻ വകുപ്പുതല നടപടിയുണ്ടാകും. കുട്ടിയെ ദത്ത് നൽകിയ നടപടിക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് ഇന്നലെ മന്ത്രി പരസ്യമായി തുറന്നുപറഞ്ഞിരുന്നു.