സ്വപ്‌നയും ശിവശങ്കറും മുഖ്യമന്ത്രിയെ സംരക്ഷിക്കുന്നു; ചെന്നിത്തല
തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് എല്ലാ സഹായവും ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസില്‍ മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ശിവശങ്കറും സ്വപ്ന സുരേഷും പെടാപാട് പെടുകയാണ്. പരസ്പര സഹായ സഹകരണ സംഘം പോലെയാണ് ഇവരുടെ പ്രവര്‍ത്തനമെന്നും ചെന്നിത്തല പറഞ്ഞു.
അഴിമതിയില്‍ മുങ്ങിത്താഴുന്ന ഇതുപോലൊരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇക്കാര്യം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. സ്വന്തം ഓഫീസും പ്രൈവറ്റ് സെക്രട്ടറിയും സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം നല്‍കിയിട്ട് അതെല്ലാം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കം തെറ്റാണ്. ലൈഫ് ഉള്‍പ്പെടെയുള്ള പദ്ധതികളിലെ അഴിമതി മൂടിവയ്ക്കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് വേണ്ടെന്ന് വെച്ചത്. നിത്യോപയോഗ സാധനങ്ങുടെ വിലക്കയറ്റം തടയാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടല്‍ വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.