കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദം; ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു
കൊച്ചി: കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവിനെ തുടർന്ന് കോവിഡ് ബാധിതൻ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. ഹാരിസിന്റെ മരണ റിപ്പോർട്ട് പുറത്തു വന്നു. ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന ആശുപത്രിയുടെ വിശദീകരണം തള്ളുന്നതാണ് മരണ റിപ്പോർട്ട്. കോവിഡ് മൂലമുള്ള ന്യുമോണിയയും ഹൈപ്പർ ടെൻഷനുമാണ് മരണകാരണമെന്നാണ് മരണ റിപ്പോർട്ടിൽ പറയുന്നത്.
ഹാരിസിന്റെ മരണം ഓക്‌സിജൻ ട്യൂബ് മാറിയതുകൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും
നോഡൽ ഓഫിസർ ഫത്താഹുദീനും മെഡിക്കൽ കോളജ് പ്രിൻസിപ്പലും വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിനെ തള്ളുന്നതാണ് ഹാരിസിന്റെ മരണ റിപ്പോർട്ട്. ആശുപത്രി അധികൃതരെ വെട്ടിലാക്കുന്നതാണ് പുറത്തു വന്ന മരണ റിപ്പോർട്ട്. അതേസമയം, മരിച്ച ഹാരിസിന്റെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്.